ന്യൂഡൽഹി ; ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിരവധി മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനൊപ്പം നടത്തിയ സംയുക്ത പത്രക്കുറിപ്പിലാണ് ഈ പരാമർശം.
വിശ്വാസത്തിലും, പങ്കാളിത്തത്തിലും അധിഷ്ഠിതമായി മുന്നോട്ട് പോകാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത് . സുരക്ഷാമേഖലയിൽ ഇന്ത്യയും, മലേഷ്യയും ഭീകരതയെ ചെറുക്കുന്നതിലും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നതിലും സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിന് ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണം കൂടുതൽ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും മലേഷ്യയും കൃത്രിമ ബുദ്ധി (AI), ഡിജിറ്റൽ സാങ്കേതികവിദ്യ, സെമികണ്ടക്ടറുകൾ എന്നീ മേഖലകളിൽ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകും. കൂടാതെ, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ നിർണായക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും. സിഇഒ ഫോറം വ്യാപാരത്തിനും നിക്ഷേപത്തിനും പുതിയ വഴികൾ തുറന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും കമ്പനികൾക്ക് പരസ്പരം നിക്ഷേപിക്കാനും വ്യാപാരം വികസിപ്പിക്കാനും ഇത് മികച്ച അവസരങ്ങൾ നൽകും. ഇത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്ത്രപരമായ ആത്മവിശ്വാസത്തിലൂടെ ഇന്ത്യയും മലേഷ്യയും സാമ്പത്തിക പരിവർത്തനത്തിലേക്കുള്ള ശക്തമായ പാത സൃഷ്ടിക്കും . . ഈ പങ്കാളിത്തം സർക്കാരുകളിൽ മാത്രമായി പരിമിതപ്പെടുത്താതെ, സാധാരണക്കാർക്ക് ഗുണം ചെയ്യും. സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ ഭാവിക്കായി ഇന്ത്യ സൗഹൃദ രാജ്യങ്ങളുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭാവിയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകുകയും ഏഷ്യൻ മേഖലയിലെ സ്ഥിരതയ്ക്കും വികസനത്തിനും പുതിയ ദിശ നൽകുകയും ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി.

