കാൺപൂർ ; പരിശീലനത്തിനിടെ വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു. ഗ്വാൾട്ടോളി പോലീസ് സ്റ്റേഷൻ പരിധിയിലെ നാഥ പൂർവയിലാണ് നാല് സീറ്റർ വിമാനം തകർന്നുവീണത് . കർണാടക സ്വദേശിയായ അഭിഷേക് പൂജാരി, ഗുജറാത്ത് സ്വദേശിയായ സുമിത് ഭാട്ടിയ എന്നിവരാണ് മരിച്ച പൈലറ്റുമാർ
രാവിലെ 11:20 ഓടെയാണ് വിമാനം കാൺപൂർ കന്റോൺമെന്റ് ഏരിയയിൽ നിന്ന് പറന്നുയർന്നത്. പറന്നുയർന്ന് അല്പസമയത്തിനുള്ളിൽ നാഥ പൂർവ പ്രദേശത്ത് വിമാനം തകർന്നുവീണു. കൂറ്റൻ ശബ്ദം കേട്ടതിന് പിന്നാലെ ആളുകളും പരിഭ്രാന്തരായിരുന്നു. വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. സാങ്കേതിക തകരാറോ, കാലാവസ്ഥയോ, മറ്റ് ഘടകങ്ങളോ ആണോ അപകടകാരണമെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് വ്യോമയാന അധികൃതരെ അറിയിച്ചിട്ടുണ്ട്.
സുമിത് ഭാട്ടിയ ആയിരുന്നു ഇൻസ്ട്രക്ടർ. അഭിഷേക് നിലവിൽ പരിശീലനത്തിലായിരുന്നു. കാൺപൂർ ആസ്ഥാനമായുള്ള പരിശീലന കമ്പനി ഗാർഗ് ഏവിയേഷന്റെതായിരുന്നു വിമാനം.

