ഇസ്ലാമാബാദ് : 2025 ഏഷ്യാ കപ്പ് മത്സരങ്ങളിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നിരന്തരം വിവാദങ്ങളിൽ പെട്ടിരുന്നു. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി കാരണം ഇന്ത്യൻ കളിക്കാർ ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതായാലും, പാകിസ്ഥാൻ ക്രിക്കറ്റ് ഭരണകൂടത്തിന്റെ പരാജയങ്ങളായാലും ഓരോ വിഷയവും ജന ശ്രദ്ധ പിടിച്ചുപറ്റി. അതേസമയം ഇപ്പോൾ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അജ്മലിന്റെ പ്രസ്താവനയാണ് സോഷ്യം മീഡിയയിൽ വൈറലാകുന്നത്.
2009 ലെ ടി20 ലോകകപ്പ് നേടിയതിന് ശേഷം പാകിസ്ഥാൻ ടീമിനെ സ്വന്തം സർക്കാർ വഞ്ചിച്ചുവെന്ന് അജ്മൽ വെളിപ്പെടുത്തി. ഇംഗ്ലണ്ടിലെ ലോർഡ്സിൽ നടന്ന ഫൈനലിൽ പാകിസ്ഥാൻ കിരീടം നേടി, രാജ്യം മുഴുവൻ ആഘോഷത്തിൽ മുഴുകി. അന്നത്തെ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി കളിക്കാർക്ക് 2.5 ദശലക്ഷം പാകിസ്ഥാൻ രൂപ വീതം നൽകുമെന്ന് വാഗ്ദാനം ചെയ്തു, എന്നാൽ പണം നൽകേണ്ട സമയമായപ്പോൾ സർക്കാർ അവർക്ക് ചെക്കുകൾ നൽകി . കളിക്കാർ ചെക്കുമായി ബാങ്കിൽ പോയപ്പോൾ അത് ബൗൺസാകുകയും ചെയ്തു.
‘ സർക്കാർ നൽകിയ ചെക്കുകൾ ബൗൺസ് ആയെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. പിന്നീട്, കളിക്കാർ ഈ വിഷയത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ (പിസിബി) സമീപിച്ചപ്പോൾ, അവർ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിച്ചു. ഇത് ബോർഡിന്റേതല്ല, സർക്കാർ വാഗ്ദാനമാണെന്ന് പിസിബി പറഞ്ഞു. ഒടുവിൽ, കളിക്കാർക്ക് ഐസിസിയിൽ നിന്ന് നേരിട്ട് സമ്മാനത്തുക മാത്രമേ ലഭിച്ചുള്ളൂ,” അജ്മൽ ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു.
2009 ലെ ആ ടൂർണമെന്റിൽ സയീദ് അജ്മൽ പാകിസ്ഥാനു വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. 12 വിക്കറ്റുകൾ വീഴ്ത്തുകയും ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. അന്താരാഷ്ട്ര കരിയറിൽ, അജ്മൽ 35 ടെസ്റ്റുകളും 113 ഏകദിനങ്ങളും 64 ടി20 മത്സരങ്ങളും കളിച്ചു.
അടുത്തിടെ, 2025 ലെ ഏഷ്യാ കപ്പ് നേടിയതിന് ടീം ഇന്ത്യയ്ക്ക് ബിസിസിഐ ₹21 കോടി സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ, കൂടാതെ കളിക്കാർക്ക് എല്ലായ്പ്പോഴും മികച്ച സൗകര്യങ്ങളും പ്രതിഫലങ്ങളും ഉറപ്പാക്കുന്നുമുണ്ട്.

