ഇസ്ലാമാബാദ്: ഓപ്പറേഷന് സിന്ദൂറിനിടെ ഇന്ത്യ തകര്‍ത്ത പ്രധാന എയര്‍ബേസ് പാക് ഭരണകൂടം പുനര്‍നിര്‍മിക്കുന്നു. പാകിസ്ഥാനിലെ നയതന്ത്ര പ്രധാന്യമേറെയുള്ള വിവിഐപി വ്യോമത്താവളമായ റാവല്‍പിണ്ടിയിലെ നൂര്‍ഖാന്‍ എയര്‍ബേസാണ് പുനര്‍നിര്‍മിക്കുന്നത്. മേഖലയില്‍ പുനര്‍നിര്‍മാണം നടക്കുന്നതായുള്ള പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.
ഓപ്പറേഷന് സിന്ദൂറിനിടെ സൈനിക ട്രക്കുകള്‍, കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ എന്നിവയാണ് വ്യോമസേന തകര്‍ത്തത്. പാകിസ്ഥാന് വ്യോമസേനയുടെ 12-ാം നമ്പര്‍ വിഐപി സ്ക്വാഡ്രണ്‍ ബുറാക്സ് ഈ വ്യോമത്താവളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിദേശ സന്ദര്‍ശനത്തിന് പോകുന്ന പാകിസ്ഥാന് പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവികള്‍, കാബിനറ്റ് മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടെ സുരക്ഷാ ഉത്തരവാദിത്തം ഈ യൂണിറ്റിനാണ്. പുറത്തുവന്ന ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ ബോംബാര്‍ഡിയര്‍ ഗ്ലോബല്‍ 6000 മോഡലില്‍ ഉള്‍പ്പെട്ട ഒരു വിവിഐപി ജെറ്റും പുനര്‍നിര്‍മ്മാണം നടക്കുന്ന മേഖലയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരിക്കുന്നതായി കാണാം.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാകിസ്ഥാനിലെ നിരവധി ഭീകരത്താവളങ്ങളും ഇന്ത്യ തകർത്തിരുന്നു.

