ന്യൂദൽഹി : യുഎസ് വൈറ്റ് ഹൗസിൽ ഇരിക്കുന്ന ഒരു കോമാളിയുടെ ഭീഷണി ഇന്ത്യൻ സർക്കാർ നേരിടുന്നത് വളരെ ദുഃഖകരമാണെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) മേധാവിയും ലോക്സഭാ എംപിയുമായ അസദുദ്ദീൻ ഒവൈസി.ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായാണ് ഒവൈസി പ്രതികരിച്ചത് .
ട്രംപിന്റെ ഈ പ്രഖ്യാപനം ഇന്ത്യയുടെ പരമാധികാരത്തിനും സാമ്പത്തിക അവസ്ഥയ്ക്കും നേരെയുള്ള വ്യക്തവും ആസൂത്രിതവുമായ ആക്രമണമാണെന്ന് ഒവൈസി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിശേഷിപ്പിച്ചു. “ഇന്ത്യയ്ക്കെതിരായ വർദ്ധിച്ചുവരുന്ന വ്യാപാര ശത്രുതയുടെ വിഷയം പാർലമെന്റിൽ വർഷങ്ങളായി ഞാൻ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്” അദ്ദേഹം പറഞ്ഞു.
റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങൾ, എണ്ണ, വാതകം എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒവൈസിയുടെ ഈ പ്രതികരണം.
‘ എന്റെ രാജ്യത്തെ സർക്കാർ വൈറ്റ് ഹൗസിൽ ഇരിക്കുന്ന ഒരു കോമാളിയുടെ ഭീഷണി നേരിടുന്നത് വളരെ സങ്കടകരമാണ് . റഷ്യയുമായി ബിസിനസ്സ് നടത്തുന്നതിന് അമേരിക്കയുടെ ഈ താരിഫ് അവ്യക്തമായ പിഴ ചുമത്തും. ഇന്ത്യ ഒരു സ്വതന്ത്രവും പരമാധികാരമുള്ളതുമായ രാജ്യമാണ്, ഒരു രാജാവിനെയും വന്ദിക്കുന്ന അടിമ രാജ്യമല്ല.ഇതാണോ വാഗ്ദാനം ചെയ്ത 56 ഇഞ്ച് നെഞ്ചളവ്? അതോ ട്രംപ് താരിഫ് 56 ശതമാനമായി വർദ്ധിപ്പിക്കുമ്പോൾ നമ്മൾ അതും കാണണോ?” അദ്ദേഹം ചോദിച്ചു.
അതേസമയം അമേരിക്ക ചുമത്തുന്ന ഈ താരിഫ് ഇന്ത്യയിലെ എംഎസ്എംഇകൾ, നിർമ്മാണ കമ്പനികൾ, ഐടി സ്ഥാപനങ്ങൾ, സേവന ദാതാക്കൾ, കർഷകർ എന്നിവർക്ക് വലിയ നഷ്ടമുണ്ടാക്കും. ഈ താരിഫ് എഫ്ഡിഐ നിർത്തലാക്കുകയും കയറ്റുമതിയെ ബാധിക്കുകയും തൊഴിലവസരങ്ങളെ ബാധിക്കുകയും ചെയ്യും. ജപ്പാന് 15 ശതമാനവും വിയറ്റ്നാമിന് 20 ശതമാനവും ഇന്തോനേഷ്യയ്ക്ക് 19 ശതമാനവും താരിഫ് ഏർപ്പെടുത്തുമ്പോൾ, ഇന്ത്യയ്ക്ക് 25 ശതമാനം അധിക നികുതി ചുമത്തിയിരിക്കുന്നു. ഇത് അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ ഇന്ത്യയുടെ മത്സരശേഷി ഇല്ലാതാക്കും.

