കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പത്ത് സ്വത്തുക്കൾ കണ്ടുകെട്ടിയത് റദ്ദാക്കിയ കൊച്ചി കോടതി ഉത്തരവിനെതിരെ എൻഐഎ അപ്പീൽ നൽകും. ജൂൺ 30 നാണ് കോടതി ഉത്തരവ് വന്നത്. ജപ്തി നടപടികളെ ചോദ്യം ചെയ്ത് സ്വത്തിന്റെ അവകാശികളും ട്രസ്റ്റികളും സമർപ്പിച്ച അപ്പീലിലാണ് വിധി. ഈ സ്വത്തുക്കൾ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന എൻഐഎയുടെ വാദം കോടതി തള്ളിയിരുന്നു.
ജപ്തി ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയ സ്വത്തുക്കളിൽ 10.27 ഹെക്ടർ ഭൂമിയും മലപ്പുറം ഗ്രീൻവാലി ഫൗണ്ടേഷന്റെ കെട്ടിടവും ഉൾപ്പെടുന്നു. ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റ്, മണ്ണഞ്ചേരി-ആലപ്പുഴയിലെ ഷാഹുൽ ഹമീദിന്റെ ഷോപ്പിംഗ് കോംപ്ലക്സ്, കരുണാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ സ്വത്ത്, പന്തളം എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭൂമിയും കെട്ടിടവും, ചാവക്കാട്ടെ മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടം, മാനന്തവാടിയിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റിന്റെ സ്വത്ത്, ആലുവയിലെ അബ്ദുൾ സത്താർ ഹാജി മൂസ സെയ്ത് ജുമാ മസ്ജിദിന്റെ ഭൂമി, കൽപക ജംഗ്ഷൻ-പട്ടാമ്പിയിലെ കെ.ടി. അസീസിന്റെ ഷോപ്പിംഗ് കോംപ്ലക്സ്, മീഞ്ചന്ത-കോഴിക്കോട് ഒബെലിസ്ക് പ്രോപ്പർട്ടീസ് ആൻഡ് ഡെവലപ്പേഴ്സ് കെട്ടിടം എന്നിവയും വിട്ടുകൊടുക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
പോപ്പുലർ ഫ്രണ്ട് കേഡർമാരെ പരിശീലിപ്പിക്കുന്നതിനും സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനും ഗ്രീൻവാലി കാമ്പസ് ഉപയോഗിക്കുന്നുണ്ടെന്ന് എൻഐഎ ആരോപിച്ചിരുന്നു. എന്നാൽ പിടിച്ചെടുത്ത സ്വത്തുക്കൾ പോപ്പുലർ ഫ്രണ്ടും നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ടും (എൻഡിഎഫ്) നിലവിൽ വരുന്നതിന് മുമ്പ് സ്ഥാപിതമായതാണെന്ന വാദം കോടതി അംഗീകരിച്ചിരുന്നു.

