ലക്നൗ : ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി നിസ്ക്കരിച്ചവർ അറസ്റ്റിൽ . ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ മുഹമ്മദ്ഗഞ്ച് ഗ്രാമത്തിലാണ് സംഭവം . 12 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .
ഹനീഫ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട് . ഒഴിഞ്ഞുകിടക്കുന്ന വീട്ടിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്നുണ്ടെന്നും, രേഖാമൂലമുള്ള അനുമതിയോ സാധുവായ രേഖകളോ ഇല്ലാതെ താൽക്കാലിക മദ്രസയാക്കി മാറ്റിയതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
മുഹമ്മദ്ഗഞ്ച് ഗ്രാമത്തിലെ താമസക്കാരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് പോലീസ് സൂപ്രണ്ട് (സൗത്ത്) അൻഷിക വർമ്മ പറഞ്ഞു.
“അനുമതിയില്ലാതെ ഒരു സ്ഥലത്ത് പുതിയ മതപരമായ പ്രവർത്തനം നടത്തുകയോ ഒത്തുകൂടുകയോ ചെയ്യുന്നത് നിയമലംഘനമാണ്. ക്രമസമാധാനം നിലനിർത്താൻ മുൻകരുതൽ നടപടി സ്വീകരിച്ചു,” അൻഷിക വർമ്മ പറഞ്ഞു. ഇത്തരത്തിൽ വീട്ടിൽ പതിവായി പ്രാർത്ഥന നടത്തുന്നതിനെ ചില ഗ്രാമവാസികൾ എതിർത്തതായും തുടർന്ന് അധികൃതരെ അറിയിച്ചതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, കേസിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന മറ്റ് മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

