പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി . തോട്ടക്കര സ്വദേശിയായ നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ വളർത്തുമകളുടെ നാലുവയസ്സുള്ള മകന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം. വളർത്തുമകൾ സുൽഫിയത്ത് കുട്ടിയുമായി വീട്ടിൽ നിന്ന് ഇറങ്ങിയോടിയതോടെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്.
സംഭവത്തിൽ സുൽഫിയത്തിന്റെ ഭർത്താവ് മുഹമ്മദ് റാഫിയെ പൊലീസ് പിടികൂടി . നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് ഉടൻ സ്ഥലത്തെത്തി. അപ്പോഴേക്കും റാഫി പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. കൈത്തണ്ടയിൽ മുറിവേറ്റ നിലയിൽ ആദ്യം കണ്ടെങ്കിലും ആ സമയത്ത് റാഫിയെ പിടികൂടാൻ കഴിഞ്ഞില്ല. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുലർച്ചെ നാലുമണിയോടെ കണ്ടെത്തി. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പറയപ്പെടുന്നു.
ഭർത്താവ് റാഫിയുടെ പീഡനം സഹിക്കാൻ കഴിയാത്തതിനാൽ ഏകദേശം അഞ്ച് മാസം മുമ്പ്, സുൽഫിയത്ത് മകനെയും കൂട്ടി നസീറിനും സുഹറയ്ക്കും ഒപ്പം താമസിക്കാൻ വരികയായിരുന്നു.കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് സുൽഫിയത്തും റാഫിയും തമ്മിൽ കോടതിയിൽ കേസ് ഉണ്ടായിരുന്നു. കുട്ടി ആഴ്ചയിൽ നാല് ദിവസം റാഫിയോടൊപ്പം താമസിക്കണമെന്നും രണ്ട് ദിവസം സുൽഫിയത്തിനൊപ്പം താമസിക്കണമെന്നും കോടതി വിധിച്ചിരുന്നു. എന്നാൽ, കുട്ടിയെ കൊണ്ടുപോയ റാഫി മകനെ തിരികെ നൽകിയില്ല. തുടർന്ന് നസീറും സുഹറയും വീണ്ടും കോടതിയെ സമീപിച്ച് കുട്ടിയെ അമ്മയുടെ അടുത്തേക്ക് അയയ്ക്കാൻ ഉത്തരവ് നേടി. ഈ തർക്കത്തെ തുടർന്നാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് പോലീസ് പറയുന്നത്.
സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന റാഫി വീട്ടിലെത്തി സുൽഫിയത്തിനെയും കുട്ടിയെയും കൊല്ലാൻ ശ്രമിച്ചതാണെന്നും, നസീറും സുഹറയും തടയാൻ ശ്രമിച്ചപ്പോൾ അവരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു .വീടിന് പിന്നിലേയ്ക്ക് ഓടിയ സുഹറയെ പിന്തുടര്ന്ന് കുത്തിക്കൊല്ലുകയായിരുന്നു. എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗിച്ചതിന് റാഫി നേരത്തെ അറസ്റ്റിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

