ടെഹ്റാൻ : അമേരിക്കൻ താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുകയാണെന്ന അമേരിക്കയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ഇറാൻ . പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിപ്പിക്കാൻ യുഎസ് ശ്രമിക്കുകയാണെന്നും ഇറാൻ പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള പ്രസ് ടിവി ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത് . ചില യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ പ്രവർത്തിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ ലഭിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സോഷ്യൽ പോസ്റ്റിൽ ആരോപിച്ചിരുന്നു.
ഈ പ്രസ്താവനകളും അവകാശവാദങ്ങളും മേഖലയിലെ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അമേരിക്കയുടെ നിലവിലെ നയവുമായി പൊരുത്തപ്പെടുന്നതാണെന്നും ബഗായ് പറഞ്ഞു. ഇറാന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി രാജ്യത്തിന്റെ സൈനിക, പ്രതിരോധ ശേഷി നിലനിർത്തുന്നതിലും വർദ്ധിപ്പിക്കുന്നതിലും ഇറാനിയൻ സായുധ സേന ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ബഗായ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയിൽ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
2025 ഡിസംബർ അവസാനം ഇറാനിൽ ആരംഭിച്ച രാജ്യവ്യാപക പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ചില മരണങ്ങളെ മനുഷ്യത്വരഹിതവും ക്രൂരവുമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി വിശേഷിപ്പിച്ചു. അക്രമത്തിന് യുഎസിനെയും വിദേശ ശക്തികളെയും ഖമേനി കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് അമേരിക്കയാണെന്നും ട്രംപ് തന്നെയാണ് ഇടപെട്ടതെന്നും ഖമേനി തന്റെ പ്രസംഗത്തിൽ പറഞ്ഞു. പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിച്ച ട്രംപ് സൈനിക പിന്തുണ വാഗ്ദാനം ചെയ്തു. ഇറാനെ വിഴുങ്ങുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

