ന്യൂഡൽഹി ; ഗാസ സമാധാന ബോർഡിൽ ചേരാൻ ഇന്ത്യയെ ക്ഷണിച്ച് അമേരിക്ക . പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു . ഗാസയിലെ സംഘർഷാനന്തര ഭരണത്തിനും പുനർവികസനത്തിനും മേൽനോട്ടം വഹിക്കാൻ ലക്ഷ്യമിടുന്ന ട്രംപിന്റെ അഭിലാഷ പദ്ധതിയാണ് ഗാസ സമാധാന ബോർഡ്.
ബോർഡിൽ സ്ഥിര അംഗത്വം നേടുന്നതിന് 100 കോടി ഡോളർ (90,70,95,00,000 ഇന്ത്യൻ രൂപ) സംഭാവന നൽകണമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ സമാഹരിക്കുന്ന തുക ഗാസയുടെ പുനർനിർമ്മാണത്തിനായി മാറ്റിവെക്കും.
എന്നാൽ മൂന്ന് വർഷത്തെ താൽക്കാലിക അംഗത്വത്തിന് സാമ്പത്തിക നിബന്ധനകൾ ഒന്നുമില്ല. ഇന്ത്യയെ കൂടാതെ ജോർദാൻ, ഗ്രീസ്, സൈപ്രസ്, പാകിസ്ഥാൻ, കാനഡ, തുർക്കി, ഈജിപ്ത് തുടങ്ങിയ നിരവധി രാജ്യങ്ങളെ ബോർഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അംഗങ്ങളുടെ അന്തിമ പട്ടിക സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വച്ച് പ്രഖ്യാപിച്ചേക്കും.
ജനുവരി 16 ന് ട്രംപ് ഗാസയ്ക്കുള്ള സമാധാന ബോർഡ് പ്രഖ്യാപിച്ചു. ഇതിൽ 20 പോയിന്റ് സമാധാന പദ്ധതിയുടെ രൂപരേഖ നൽകുന്നു. ഭാവിയിലെ ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു സംവിധാനമായിട്ടാണ് ഇതിനെ കാണുന്നത്. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് യുഎസ് ക്ഷണങ്ങൾ അയച്ചിട്ടുണ്ട്.
ജനുവരി 16-ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ഗാസ ഭരണത്തിനായുള്ള ദേശീയ സമിതിയുടെ (NCAG) രൂപീകരണത്തെ പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്തു. ഗാസ സംഘർഷം അവസാനിപ്പിക്കാനുള്ള തന്റെ സമഗ്ര പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. മേഖലയിലെ ശാശ്വത സമാധാനം, സ്ഥിരത, പുനർനിർമ്മാണം, സമൃദ്ധി എന്നിവയ്ക്കായുള്ള 20 പോയിന്റ് റോഡ് മാപ്പാണ് ഈ പദ്ധതി- എന്നും ട്രംപ് പറയുന്നു.
ഗാസ പദ്ധതികൾ നടപ്പിലാക്കുന്നതിനായി, പ്രസിഡന്റ് ട്രംപ് അധ്യക്ഷനായ സ്ഥാപക എക്സിക്യൂട്ടീവ് ബോർഡ് രൂപീകരിച്ചു. മാർക്കോ റൂബിയോ, സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ, സർ ടോണി ബ്ലെയർ, മാർക്ക് റോവൻ, അജയ് ബംഗ, റോബർട്ട് ഗബ്രിയേൽ എന്നിവരാണ് നിയമിതരായ അംഗങ്ങൾ.ഡോ. അലി ഷാത്ത് ആയിരിക്കും എൻസിഎജിയെ നയിക്കുന്നത്
ഗാസയിലെ അടിസ്ഥാന പൊതു സേവനങ്ങൾ പുനഃസ്ഥാപിക്കുക, സിവിലിയൻ സ്ഥാപനങ്ങൾ പുനർനിർമ്മിക്കുക, ദൈനംദിന ജീവിതം സുസ്ഥിരമാക്കുക എന്നിവ അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരിക്കും, അതോടൊപ്പം ദീർഘകാല, സ്വാശ്രയ ഭരണത്തിന് അടിത്തറയിടുകയും ചെയ്യും.
തന്ത്രപരമായ മേൽനോട്ടം നൽകുക, അന്താരാഷ്ട്ര വിഭവങ്ങൾ സമാഹരിക്കുക, ഗാസ സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്കും വികസനത്തിലേക്കും വിജയകരമായി മാറുന്നുവെന്ന് ഉറപ്പാക്കുക എന്നിവയുൾപ്പെടെ പ്രസിഡന്റിന്റെ പദ്ധതിയുടെ 20 പോയിന്റുകളും നിറവേറ്റുന്നതിൽ സമാധാന ബോർഡ് പ്രധാന പങ്ക് വഹിക്കും.

