ചന്ദ്രപൂർ ; എം ബി ബി എസ് പഠനം ആരംഭിക്കാനിരിക്കെ 19 കാരൻ ജീവനൊടുക്കി. സിന്ധേവാഹി താലൂക്കിലെ നവരാഗം സ്വദേശിയായ അനുരാഗ് അനിൽ ബോർക്കറെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഗോരഖ്പൂരിലെ ഓൾ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അനുരാഗിന് പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ “എനിക്ക് ഡോക്ടറാകാൻ ആഗ്രഹമില്ല” എന്ന ആത്മഹത്യാക്കുറിപ്പ് അനുരാഗ് എഴുതി വച്ചിരുന്നു . ഒരു ബിസിനസുകാരന് ഡോക്ടറേക്കാൾ കൂടുതൽ സമ്പാദിക്കാൻ കഴിയും. അഞ്ച് വർഷം പഠിക്കുകയും പിന്നീട് ബിരുദാനന്തര ബിരുദം നേടുകയും വേണം. എനിക്ക് അതിൽ താൽപ്പര്യമില്ലെന്ന് കുറിപ്പിൽ പറയുന്നു.
നീറ്റ് പരീക്ഷയിൽ 99.99 പെർസെന്റ് മാർക്കോടെയാണ് അനുരാഗ് വിജയിച്ചത് . ഒബിസി വിഭാഗത്തിൽ 1475-ാം റാങ്കും നേടിയിരുന്നു. ഗോരഖ്പൂരിലേക്ക് പോകുന്നതിന് മുൻപണ് അനുരാഗ് ആത്മഹത്യ ചെയ്തത് . പുലർച്ചെ 4 മണിയോടെയാണ് വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിന്റെ വിശദാംശങ്ങൾ പോലീസ് പൂർണ്ണമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് നവാർഗാവ് പോലീസ് അന്വേഷിക്കുന്നുണ്ട്.
അനുരാഗ് രണ്ടുതവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. ആദ്യ ശ്രമത്തിൽ തന്നെ എംബിബിഎസിനും പ്രവേശനം നേടിയിരുന്നു, എന്നാൽ മെച്ചപ്പെട്ട കോളേജിൽ പഠിക്കാൻ ആഗ്രഹിച്ചതിനാൽ വീണ്ടും പരീക്ഷ എഴുതുകയായിരുന്നു.

