വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിൽ ഇറാന്റെ 16 പടക്കപ്പലുകൾ ആക്രമിച്ച് തകർത്ത് യുഎസ് സൈന്യം . ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുകയായിരുന്നു ഈ കപ്പലുകളെന്ന് യുഎസ് സൈന്യം അവകാശപ്പെട്ടു . ഇറാനിയൻ കപ്പലുകൾ നശിപ്പിക്കുന്നതിന്റെ വീഡിയോ യുഎസ് സെൻട്രൽ കമാൻഡ് എക്സ് പേജിൽ പങ്ക് വച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ചിരിക്കുന്ന എല്ലാ മൈനുകളും ഉടൻ നീക്കം ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു.
മൈനുകൾ നീക്കം ചെയ്തില്ലെങ്കിൽ ഗുരുതരമായ സൈനിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇറാനിയൻ കപ്പലുകൾ നശിപ്പിക്കപ്പെട്ടത്. മാർച്ച് 10 ന്, ഹോർമുസ് കടലിടുക്കിന് സമീപം 16 പടക്കപ്പലുകളും , നിരവധി ഇറാനിയൻ നാവിക കപ്പലുകളും നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ഒഴുകുന്നത് തടഞ്ഞാൽ മുൻ ആക്രമണങ്ങളേക്കാൾ 20 മടങ്ങ് കൂടുതൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇറാന്റെ പുതിയ സുപ്രീം നേതാവ് മൊജ്തബ ഖമേനി സമാധാനത്തോടെ ജീവിക്കില്ലെന്നും ട്രംപ് പറഞ്ഞു. മിയാമിയിലെ ഗോൾഫ് ക്ലബ്ബിൽ റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് യുദ്ധം വളരെ വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു . എന്നാൽ യുദ്ധത്തിന്റെ ദൈർഘ്യം നിർണ്ണയിക്കുന്നത് അമേരിക്കയല്ല, ഇറാനാണെന്നും, മേഖലയുടെ ഭാവി ഇപ്പോൾ ഇറാനിയൻ സൈന്യത്തിന്റെ കൈകളിലാണെന്നുമാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പറയുന്നത്.

