ന്യൂഡൽഹി ; പാസ്പോർട്ട് വിവരങ്ങളിലെ പൊരുത്തക്കേടുകൾ കാരണം പാറ്റാ പാർട്ടി നേതാവ് സൗരവ് ദാസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി കേന്ദ്ര സർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിലേയ്ക്ക് പോകാനുള്ള സൗരവ് ദാസിന്റെ ശ്രമം തടഞ്ഞതിനു പിന്നാലെ സൗരവ് കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സൗരവിന്റെ പാസ്പോർട്ടിലെ പൊരുത്തക്കേടുകൾ സർക്കാർ ചൂണ്ടിക്കാട്ടിയത്.
സൗരവ് ദാസിന്റെ പാസ്പോർട്ട് അപേക്ഷയിൽ പോലും പിതാവിന്റെ പേര് നൽകിയിട്ടില്ല. മാത്രമല്ല ജനനസ്ഥലം ചില രേഖകളിൽ പുതുച്ചേരിയെന്നും, മറ്റ് ചിലതിൽ ഡൽഹി എന്നുമാണ് കാണിച്ചിരിക്കുന്നത്. ഇത്തരത്തിൽ വിലാസം, മാതാപിതാക്കളുടെ പേരുകളിൽ എല്ലാം പൊരുത്തക്കേടുകൾ ഉണ്ടെന്നും , ഇത് സൗരവിന്റെ പൗരത്വത്തെ പറ്റിയുള്ള സംശയങ്ങൾക്ക് വരെ കാരണമാകുന്നുണ്ടെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ യാത്രാ നിയന്ത്രണത്തെ കുറിച്ച് സൗരവിനെ അറിയിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞത്. എന്നാൽ നവംബർ 23 ന് തന്നെ സൗരവിന് ഷോ കോസ് നോട്ടീസ് നൽകിയെന്നും, പിന്നാലെ യാത്രാനിയന്ത്രണം സംബന്ധിച്ച അറിയിപ്പ് നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സൗരവിനോട് വിദേശയാത്ര ഒഴിവാക്കാനാണ് ആവശ്യപ്പെട്ടതെന്നും പാസ്പോർട്ട് റദ്ദാക്കിയിട്ടില്ലെന്നും ചേതൻ ശർമ്മ അറിയിച്ചു. മാത്രമല്ല നോട്ടീസിന് മറുപടി നൽകുന്നതിനു പകരം സൗരവ് കോടതിയെ സമീപിക്കുകയാണ് ചെയ്തതെന്നും , ഈ ഹർജി നിലനിൽക്കില്ലെന്നും ചേതൻ ശർമ്മ വാദിച്ചു.
ഡിസംബർ 9-ന് കേസ് വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിൽ, കേന്ദ്രസർക്കാർ, ആഭ്യന്തര മന്ത്രാലയം, പോലീസ് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.അതേസമയം സൗരവിന്റെ പാസ്പോർട്ടിലെ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും ചെന്നൈയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

