ചെന്നൈ: വിജയ് യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കരൂരിൽ ഉണ്ടായ അപകടം സൂപ്പർസ്റ്റാറിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾക്ക് തിരിച്ചടിയായേക്കാമെന്ന് സൂചന. പോലീസ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് വിജയ് രാഷ്ട്രീയ റാലിയിൽ പങ്കെടുത്തതായി നേരത്തെ പരാതി ഉണ്ടായിരുന്നു. സംഭവത്തിൽ വിജയ്ക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്യും. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുമുണ്ട്.
ആറ് കുട്ടികൾ ഉൾപ്പെടെ 38 പേരാണ് തിക്കിലും തിരക്കിലും മരിച്ചത് . മരണസംഖ്യ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.വരും ദിവസങ്ങളിൽ ഡിഎംകെയും എഐഎഡിഎംകെയും വിജയ്ക്കെതിരായ രാഷ്ട്രീയ ആയുധമായി ഈ സംഭവം ഉപയോഗിക്കുമെന്ന് ഉറപ്പാണ്. രാത്രിയിൽ വിജയ് കരൂരിൽ പ്രസംഗിക്കുന്നതിനിടെയാണ് അപകടം .
വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് എത്തി, പക്ഷേ വലിയ ജനക്കൂട്ടം അവരെ തടഞ്ഞു. ആ സമയത്ത് വിജയ് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിന് മുകളിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് വിജയ് പോലീസിനെ വിമർശിക്കുകയും ചെയ്തു. “ആറു മാസത്തിനുശേഷം നിലവിലെ സർക്കാർ മാറും, ഒരു പുതിയ പാർട്ടി അധികാരത്തിൽ വരുമെന്ന് പോലീസ് ഓർമ്മിക്കണം,” വിജയ് പറഞ്ഞു. അപ്പോഴേക്കും ഒരു നേതാവ് വേദിയിലെത്തി ആമിക എന്ന പെൺകുട്ടിയെ കാണാനില്ലെന്ന് വിജയ്യോട് അറിയിച്ചു. മൈക്രോഫോണിലൂടെ ഇക്കാര്യം അറിയിച്ച ശേഷം വിജയ് ഇറങ്ങി സ്ഥലം വിട്ടു.
വലിയൊരു ദുരന്തം നടന്നതായി അറിഞ്ഞിട്ടും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാത്തതിനോ ആശുപത്രിയിൽ പോകാത്തതിനോ വിജയ്ക്കെതിരെ രോഷമുണ്ട്. പതിവുപോലെ ഡിഎംകെ സർക്കാരിനെതിരെയുള്ള രൂക്ഷ വിമർശനമായിരുന്നു വിജയുടെ പ്രസംഗം. കൊങ്കു മേഖല എഐഎഡിഎംകെ, ബിജെപി പാർട്ടികളുടെ ശക്തികേന്ദ്രമായതിനാൽ ഇരു പാർട്ടികളുടെയും സഖ്യത്തെയും വിജയ് വിമർശിച്ചു. രാവിലെ 11 മണി മുതൽ ആളുകൾ വിജയ്ക്കായി കാത്തിരിക്കുകയായിരുന്നു. കുട്ടികളെ കൊണ്ടുവരരുതെന്ന് നിർദ്ദേശം നൽകിയിരുന്നതായി ടിവികെ നേതാക്കൾ പറയുന്നു. എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ വിജയ്ക്ക് കഴിയില്ലെന്ന് ആശുപത്രിയിലെത്തിയ ഡിഎംകെ നേതാക്കൾ പറഞ്ഞു.

