ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ പാകിസ്ഥാനിലെ കിരാന ഹിൽസ് ആണവ കേന്ദ്രം ആക്രമിച്ചതായി വ്യോമയാന വിദഗ്ധൻ ടോം കൂപ്പർ. ഇതിനുള്ള തെളിവുകൾ ഉണ്ടെന്നും, ഈ ആക്രമണമാണ് യുദ്ധം അവസാനിപ്പിക്കണമെന്ന് പാകിസ്ഥാൻ അപേക്ഷിക്കാൻ കാരണമെന്നും കൂപ്പർ പറയുന്നു.തന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് തന്റെ പക്കൽ കാര്യമായ തെളിവുകൾ ഉണ്ടെന്നും ടോം കൂപ്പർ പറഞ്ഞു.
‘ ഈ ആക്രമണത്തിന്റെ സമയവും സ്വഭാവവും സൂചിപ്പിക്കുന്നത് ശക്തമായ ഒരു തന്ത്രപരമായ സന്ദേശം പാകിസ്ഥാന് നൽകുക എന്നതായിരുന്നു . കാര്യമായ നാശനഷ്ടങ്ങൾ വരുത്താതെ ഒരു സന്ദേശം അയയ്ക്കാൻ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണിത് . ഈ ആക്രമണം നടത്തുന്നതിലൂടെ, “പാകിസ്ഥാനികളേ, കേൾക്കൂ, ഞങ്ങൾക്ക് ആവശ്യമുള്ളപ്പോൾ, എപ്പോൾ വേണമെങ്കിലും, ഞങ്ങൾക്ക് ആവശ്യമുള്ളത്ര വെടിമരുന്ന് ഉപയോഗിച്ച് നിങ്ങളെ ശക്തമായി ആക്രമിക്കാൻ കഴിയും. “ എന്ന സന്ദേശമാണ് ഇന്ത്യ നൽകിയത്.
പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്ന കിരാന ഹിൽസിലെ ഭൂഗർഭ അറകളിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളിലാണ് ഇന്ത്യൻ മിസൈൽ പതിച്ചത് .കുന്നിൽ പതിച്ചതായി പറയപ്പെടുന്ന മിസൈൽ ട്രാക്കുകളുടെ വീഡിയോ പുറത്ത് വന്നിരുന്നു . ഇതിൽ പാകിസ്ഥാൻ വ്യോമസേനയുടെ 4091-ാമത്തെ സ്ക്വാഡ്രണിന്റെ റഡാർ സ്റ്റേഷനിൽ നിന്ന് പുക ഉയരുന്നതും കാണാം . ഇത് തന്റെ സംശയം കൂടുതൽ സ്ഥിരീകരിച്ചതായി കൂപ്പർ പറഞ്ഞു
എന്നാൽ കിരാന ഹിൽസിൽ ആക്രമണം നടത്തിയതായി ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചിട്ടില്ല. ഈ ആക്രമണത്തോടെയാണ്, ഓപ്പറേഷൻ സിന്ദൂറിനു തിരിച്ചടിയെന്നു പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ആരംഭിച്ച ‘ബൻയാൻ-അൽ-മർസൂസ്’ എന്ന ഓപ്പറേഷൻ അവസാനിച്ചത്. പിന്നാലെ, വെടിനിർത്തലിനുള്ള നയതന്ത്ര നീക്കങ്ങൾ പാക്കിസ്ഥാൻ ആരംഭിച്ചു. കിരാന ഹിൽസിൽ ആണവ കേന്ദ്രം ഉണ്ടെന്ന് യുഎസിലെ ആണവ ശാസ്ത്രജ്ഞരിലൂടെ വിവരം ലഭിച്ചിട്ടുണ്ടെന്നും ടോം കൂപ്പർ പറയുന്നു. ഇതിനു തൊട്ടടുത്തായി എഫ്-16 വിമാനങ്ങൾ സൂക്ഷിക്കുന്ന സർഗോധയെ കുറിച്ചും കൂപ്പർ പറഞ്ഞിരുന്നു .

