ലക്നൗ : ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച മലയാളി പാസ്റ്ററെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. കാൺപൂരിലെ ഘടംപൂർ പോലീസാണ് മലയാളിയായ പാസ്റ്റർ ആൽബിനെ അറസ്റ്റ് ചെയ്തത്. ഘടംപൂർ പ്രദേശത്തെ നൗരംഗ ഗ്രാമത്തിലെ പള്ളിയിലാണ് മതപരിവർത്തനം നടന്നിരുന്നത്. ആൽബിൻ സ്വന്തമായി പള്ളി നടത്തുകയും സാമ്പത്തികമായി ദുർബലരായ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് ഭീഷണിയിലൂടെയും , പ്രലോഭനങ്ങളിലൂടെയും പരിവർത്തനം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
ഫത്തേപൂർ ജില്ലയിലെ ജഹാനാബാദ് നിവാസിയായ മുകേഷ് കുമാറാണ് ആൽബിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ, പാസ്റ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കുകയും ചെയ്തു.
ജനുവരി 13-ന് നൗരംഗയിലെ ഒരു വീട്ടിൽ പ്രാർത്ഥനാ യോഗം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബജ്രംഗ്ദൾ പ്രവർത്തകർ സ്ഥലത്ത് എത്തി. അവർ ഉടൻ തന്നെ മതപരിവർത്തനങ്ങളെക്കുറിച്ച് പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.ബജ്റംഗ്ദൾ ജില്ലാ കൺവീനർ ശുഭം ശൗര്യ അഗ്നിഹോത്രി എസിപി കൃഷ്ണകാന്ത് യാദവിന് രേഖാമൂലം പരാതി നൽകി.
ആൽബിനും ഭാര്യയും ഹിന്ദുക്കളെ മതം മാറ്റാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പോലീസ് കേസെടുത്തത്.പ്രാഥമിക അന്വേഷണത്തിന് ശേഷം, പാസ്റ്റർ ഒഴികെയുള്ള എല്ലാവരെയും പോലീസ് വിട്ടയച്ചു. മുകേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കുറ്റാരോപിതനായ പാസ്റ്ററിനെതിരെ പ്രേരണാടിസ്ഥാനത്തിലുള്ള മതപരിവർത്തനത്തിനും ക്രിമിനൽ ഭീഷണിക്കും കേസെടുക്കുകയും ചെയ്തു.
തനിക്ക് അത്ഭുതകരമായ രോഗശാന്തി ശക്തികൾ ഉണ്ടെന്നും, തന്റെ വീട്ടിൽ നടത്തുന്ന പ്രാർത്ഥനകൾക്ക് ഗുരുതരമായ രോഗങ്ങൾ ഭേദമാക്കാൻ കഴിയുമെന്നും ആൽബിൻ അവകാശപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. പല കേസുകളിലും, ആളുകൾക്ക് അവരുടെ രോഗങ്ങൾ ദുഷ്ടശക്തികൾ മൂലമാണെന്നും മതപരിവർത്തനം മാത്രമേ ആശ്വാസം നൽകൂ എന്നും ആൽബിൻ പറഞ്ഞിരുന്നു.
മലയാളിയായ ആൽബിൻ ഏകദേശം പത്ത് വർഷമായി നൗറംഗ പ്രദേശത്ത് താമസിക്കുന്നു. തുടക്കത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആൽബിൻ പിന്നീട് സ്ഥലം വാങ്ങി. 2022 ൽ സ്വന്തമായി ഒരു വീട് നിർമ്മിച്ചു, പിന്നീട് അത് ചർച്ചാക്കി മാറ്റുകയായിരുന്നു.

