ന്യൂഡൽഹി : 2024 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം കന്നഡ നടൻ അനന്ത് നാഗിന് . തലമുറകൾക്ക് പ്രചോദനമായ സിനിമാ ജീവിതത്തിനുടമയാണ് അനന്ത് നാഗ് . ഇന്ത്യൻ സിനിമയ്ക്കും സിനിമാ ജീവിതത്തിനും അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകളെ മാനിച്ചാണ് പുരസ്ക്കാരം നൽകുന്നത്. ദാദാസാഹിബ് ഫാൽക്കെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്, അവാർഡ് പ്രഖ്യാപിച്ചത്.
2026 സെപ്റ്റംബർ 22 ന് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് സമ്മാനിക്കും . “ദാദാസാഹിബ് ഫാൽക്കെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം, ഇന്ത്യൻ സിനിമയ്ക്കും അദ്ദേഹത്തിന്റെ മഹത്തായ സിനിമാ യാത്രയ്ക്കും നൽകിയ സംഭാവനകൾക്ക് നടൻ അനന്ത് നാഗിന് 2024 ലെ അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകുമെന്ന് ഇന്ത്യാ ഗവൺമെന്റ് സന്തോഷത്തോടെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ സിനിമാ യാത്ര തലമുറകൾക്ക് പ്രചോദനമാണ്. 2026 സെപ്റ്റംബർ 22 ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.” എന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് .
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനന്ത് നാഗിനെ അഭിനന്ദിച്ചു. “ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച ഇതിഹാസ നടൻ അനന്ത് നാഗ് ജിക്ക് അഭിനന്ദനങ്ങൾ. പതിറ്റാണ്ടുകളായി, അദ്ദേഹത്തിന്റെ അനായാസമായ അഭിനയം, അത്ഭുതകരമായ വൈദഗ്ദ്ധ്യം, മികച്ച പ്രവർത്തനം എന്നിവ ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് കന്നഡ സിനിമയിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹം അവതരിപ്പിച്ച ഓരോ വേഷത്തിനും അതുല്യമായ ആഴവും സത്യവും കൊണ്ടുവന്നു. വളരെ പ്രത്യേകതയുള്ള ഒരു കലാകാരന് അർഹമായ ബഹുമതിയാണിത്.” എന്ന് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.

