കൊല്ലം : ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി അക്ഷയ് ഹരീഷിനെ ഉടൻ നാട്ടിലെത്തിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നാട്ടിലെത്താനുള്ള താൽക്കാലിക രേഖകൾ ഉടൻ കൈമാറും. ഇറാൻ അംബാസഡറുമായി സംസാരിച്ചുവെന്നും, ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ അക്ഷയെ നേരിട്ട് കാണുമെന്നും സുരേഷ് ഗോപി കുടുംബത്തെ അറിയിച്ചു.
ഇന്നലെ രാത്രിവരെ മകനുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നുവെന്ന് മാതാവ് സരിത മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ഒരു ഹോട്ടലിലാണ് താമസിക്കുന്നത് .വൈഫൈ കട്ട് ആയാൽ ബന്ധപ്പെടാൻ കഴിയില്ല എന്നൊരു ആശങ്കയാണിപ്പോൾ ഉള്ളത്. മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടലിൽ ആശ്വാസമുണ്ടെന്നും,എല്ലാവരും നിരന്തരം ഇടപെട്ട് ഉടൻ മകനെ നാട്ടിൽ എത്തിക്കണമെന്നും അക്ഷയുടെ അമ്മ പറഞ്ഞു.
പാസ്പോർട്ട് ഉൾപ്പെടെ നഷ്ടമായതിനെ തുടർന്നാണ് അക്ഷയ് ഇറാനിൽപ്പെട്ടത് . അക്ഷയ്ക്ക് കപ്പലിൽ ആയിരുന്നു ജോലി. അലി ഷിപ്പറിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പർ ആയിരുന്നു അക്ഷയ്. കഴിഞ്ഞ 11 മാസമായി ഇറാനിലായിരുന്നു.ദുബായിലാണെന്ന് പറഞ്ഞാണ് ഏജന്റ് കൊണ്ടുപോയത്. എന്നാൽ ഷിപ്പിന്റെ യാത്ര എപ്പോഴും ഇറാനിലേയ്ക്കായിരുന്നു. യുദ്ധം കാരണം നിലച്ച കപ്പൽ വീണ്ടും യാത്ര തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പാകിസ്ഥാനിൽ നിന്ന് അരി കൊണ്ടു വരാനാണ് പോയത്. രണ്ടാം തവണ പോയി വന്നപ്പോൾ പാസ്പോർട്ട് തിരികെ കിട്ടിയില്ല. ക്യാപ്റ്റനോട് അന്വേഷിച്ചപ്പോൾ പാസ്പോർട്ട് പാകിസ്ഥാനിലുണ്ടോ എന്ന് കമ്പനി അന്വേഷിച്ചെന്നും ഇല്ലെന്നാണ് മറുപടി കിട്ടിയതെന്നും അക്ഷയ് പറയുന്നു.

