ന്യൂദൽഹി : ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിച്ചതിനു പിന്നാലെ ഇന്ത്യയോട് പ്രത്യേകം നന്ദി പറഞ്ഞ് ഇറാൻ . ഡൽഹിയിലെ ഇറാൻ എബംസിയാണ് പ്രത്യേക പ്രസ്താവന ഇറക്കിയത് .ഇന്ത്യ മഹത്തായ രാജ്യമാണെന്നും, ഇന്ത്യയിലെ ജനങ്ങളും സ്ഥാപനങ്ങളും കാണിക്കുന്ന യഥാർത്ഥവും വിലമതിക്കാനാവാത്തതുമായ പിന്തുണയെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
‘ഈ ആക്രമണത്തെ നേരിടുന്നതിൽ ഇറാനിലെ ജനങ്ങളുടെ ശക്തമായ നിലപാട് അവരുടെ മാതൃരാജ്യത്തെയും രാജ്യത്തിന്റെ അന്തസ്സിനെയും സംരക്ഷിക്കുന്നതിനുള്ള അവരുടെ മനോഭാവത്തെ മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും മാനുഷിക മൂല്യങ്ങളുടെയും അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനത്തിനെതിരായ പ്രതിരോധത്തെയും കാണിക്കുന്നു.
‘ഇന്ത്യ എന്ന മഹത്തായ രാജ്യത്തെ ജനങ്ങളും സ്ഥാപനങ്ങളും കാണിക്കുന്ന യഥാർത്ഥവും വിലമതിക്കാനാവാത്തതുമായ പിന്തുണയെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. തീർച്ചയായും, ഈ ഐക്യദാർഢ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്കാരിക, നാഗരിക, മാനുഷിക ബന്ധങ്ങളിൽ വേരൂന്നിയതാണ്, ഇത് സമാധാനം, സ്ഥിരത, ആഗോള നീതി എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തും ‘ എന്നാണ് പ്രസ്താവന. ‘ജയ് ഇറാൻ – ജയ് ഹിന്ദ് ‘ വിളികളോടെയാണ് പ്രസ്താവന അവസാനിക്കുന്നത് .
ഇന്ത്യ വാദിക്കുന്ന സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പാത പിന്തുടർന്നുകൊണ്ടാണ് ഈ വെടിനിർത്തൽ സാധ്യമായത്. വെടിനിർത്തൽ കൊണ്ടുവന്നതിന് പ്രസിഡന്റ് ട്രംപ് എത്രതന്നെ അംഗീകാരം നേടിയാലും, അതിൽ ഇന്ത്യയുടെ പങ്ക് നിഷേധിക്കാനാവില്ലെന്നതാണ് ഈ പ്രസ്താവന കൊണ്ട് ഇറാൻ സൂചിപ്പിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപാണ് ഇറാൻ- ഇസ്രായേൽ യുദ്ധം ആരംഭിച്ചത് . ഇറാന്റെ ആണവകേന്ദ്രങ്ങളായിരുന്നു ഇസ്രായേൽ ലക്ഷ്യം വച്ചത് . രണ്ട് ദിവസം മുൻപ് ഇസ്രായേലിനൊപ്പം ചേർന്ന് യുഎസും ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി . ഇതിന്റെ തിരിച്ചടിയായി ഖത്തറിലെ യുഎസ് സൈനികത്താവളത്തിനു നേരെ ഇറാൻ വ്യോമാക്രമണം നടത്തുകയും ചെയ്തു . അതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇടപെട്ട് യുദ്ധം അവസാനിപ്പിക്കുകയായിരുന്നു.

