ന്യൂഡല്‍ഹി: നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയുടെ റീഫിറ്റിനായി പ്രതിരോധ മന്ത്രാലയം കൊച്ചിന് ഷിപ്യാര്‍ഡുമായി കരാറില്‍ ഒപ്പുവച്ചു. 1,207 . 5 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടത്.
ഐഎന്‍എസ് വിക്രമാദിത്യയില്‍ ഷോര്‍ട്ട് റീഫിറ്റ്, ഡ്രൈ ഡോക്കിങ് എന്നിവ സജ്ജമാക്കുന്നതിനായാണ് കരാര്‍. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് പദ്ധതി. കൊച്ചിന് ഷിപ്യാര്‍ഡിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
അറ്റകുറ്റപ്പണികള്‍ക്കുള്ള ഹബ്ബായി കൊച്ചിന് ഷിപ്യാര്‍ഡിനെ മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാകും ഇത്. അമ്പതോളം എംഎസ്എംഇകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. 3,500ലധികം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതിയാണിത്.
ഇതിനു മുൻപ് 2018 ലാണ് വിക്രമാദിത്യയുടെ റീഫിറ്റ് കൊച്ചി കപ്പൽശാലയിൽ നടത്തിയത് . വാഹനങ്ങൾക്ക് സർവ്വിസ് പോലെയാന് കപ്പലുകൾക്ക് റീഫിറ്റ് , അഞ്ച് വർഷത്തിലൊരിക്കലാണ് ഇത് ചെയ്യുന്നത്.
2013 നവംബറിലാണ് ഐഎന്‍എസ് വിക്രമാദിത്യ നാവികസേനയുടെ ഭാഗമായത്. 284 മീറ്റര്‍ നീളവും 10 മീറ്റര്‍ ഡ്രാഫ്റ്റും ഉള്‍ക്കൊള്ളുന്നതാണ് ഐഎന്‍എസ് വിക്രമാദിത്യ. മിഗ്-29 ഫൈറ്റര്‍ ജെറ്റുകളും വിവിധ ഹെലികോപ്റ്ററുകളും വഹിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവ് ഇതിനുണ്ട്.