ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ കൊലപാതകങ്ങളിലും അതിക്രമങ്ങളിലും ഇന്ത്യ വളരെ കർശനമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ . ബംഗ്ലാദേശ് സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു യുവാക്കളെ കൊലപ്പെടുത്തുകയും നിരവധി ഹിന്ദു കുടുംബങ്ങളുടെ വീടുകൾ കത്തിക്കുകയും ചെയ്ത കേസിൽ നടപടിയെടുക്കേണ്ടിവരും. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
യൂനുസിന്റെ ഭരണകാലത്ത് ഈ സർക്കാരിന്റെ കീഴിൽ ന്യൂനപക്ഷങ്ങൾക്കെതിരെ 2,900 അക്രമ സംഭവങ്ങൾ, തീവെപ്പ്, മറ്റ് അതിക്രമങ്ങൾ എന്നിവ നടന്നിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘ ബംഗ്ലാദേശിൽ ഇന്ത്യയ്ക്കെതിരെ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ വിവരണങ്ങൾ ഞങ്ങൾ ആവർത്തിച്ച് നിരാകരിച്ചിട്ടുണ്ട്. നിലവിലുള്ള ബംഗ്ലാദേശ് സർക്കാരാണ് അവിടെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്കും ക്രമസമാധാന നില വഷളാകുന്നതിനും ഉത്തരവാദി. ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങൾ ജാഗ്രത പാലിക്കുകയും അത് സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, സിഖുകാർ എന്നിവരുടെ സുരക്ഷ ആശങ്കാജനകമാണ്. അവർ നിരന്തരം അക്രമം നേരിടുന്നു.
ഹിന്ദു യുവാവിന്റെ സമീപകാല കൊലപാതകത്തെ ഞങ്ങൾ അപലപിക്കുന്നു. കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ന്യൂനപക്ഷങ്ങളെ തീവ്രവാദികൾ നിരന്തരം ലക്ഷ്യമിടുന്നു. ഇത് വളരെയധികം ആശങ്കാജനകമാണ്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും അക്രമങ്ങളും അവഗണിക്കാൻ കഴിയില്ല,” രൺധീർ ജയ്സ്വാൾ പറഞ്ഞു.

