ന്യൂഡൽഹി: സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ 556-ാം ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ 14 ഇന്ത്യക്കാരെ പാകിസ്ഥാൻ തിരിച്ചയച്ചു. സിഖുകാരല്ലെന്ന് പറഞ്ഞാണ് ഇവരെ തിരിച്ചയച്ചത്. തുടക്കത്തിൽ അവർക്ക് പ്രവേശനം അനുവദിച്ചിരുന്നു, എന്നാൽ പിന്നീട് 14 പേരും ഹിന്ദുക്കളാണെന്നും സിഖുകാരല്ലെന്നും ചൂണ്ടിക്കാണിച്ചാണ് പ്രവേശനം നിഷേധിച്ചത്.
ഗുരു നാനാക് ദേവിന്റെ ജന്മവാർഷികം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ നങ്കാന സാഹിബിൽ ആഘോഷിക്കാൻ പാകിസ്ഥാനിലേക്ക് യാത്ര ചെയ്ത 2,100 പേരടങ്ങിയ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു 14 പേരും . ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (DSGMC) വഴി വിസകൾ നേടിയ അവർ ഇന്ത്യയിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.എന്നാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും റേഞ്ചേഴ്സും സംഘത്തെ തടഞ്ഞു.
14 പേരും സിഖുകാരല്ല, ഹിന്ദുക്കളാണെന്നും അവരുടെ യാത്രാ രേഖകളിൽ ഇത് വ്യക്തമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ തടഞ്ഞത് . ഗുരുനാനാക്കിന്റെ ജന്മദിനാഘോഷത്തിന്റെ പ്രധാന വേദി ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗുരുദ്വാര ജന്മാഷ്ടമിയാണ്. തീർത്ഥാടകർക്ക് പത്ത് ദിവസത്തേക്ക് അവിടം സന്ദർശിക്കാൻ അനുവാദമുണ്ടായിരുന്നു. പ്രവേശന അനുമതി ലഭിച്ച തീർത്ഥാടക സംഘത്തിലെ അംഗങ്ങൾ ഹസൻ അബ്ദാലിലെ ഗുരുദ്വാര പഞ്ച സാഹിബ്, ഫറൂഖാബാദിലെ ഗുരുദ്വാര സച്ച സൗദ, കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ ഗുരുദ്വാരകൾ സന്ദർശിക്കും.
14 പേരും പാകിസ്ഥാനിൽ ജനിച്ച സിന്ധി വംശജരായ ഹിന്ദു തീർത്ഥാടകരാണ്. അവർ ഡൽഹിയിലും ലഖ്നൗവിലുമാണ് താമസിക്കുന്നത്, ഇന്ത്യൻ പൗരത്വവും നേടിയിട്ടുണ്ട്. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് ഈ സംഭവം.

