വാഷിംഗ്ടൺ ; യുഎസ് കനത്ത താരിഫ് ചുമത്തിയതോടെ റഷ്യയ്ക്ക് എണ്ണ ഉപഭോക്താക്കളിൽ ഒരാളായ ഇന്ത്യയെ നഷ്ടപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . റഷ്യയിൽ നിന്നുള്ള എണ്ണ വിൽപ്പന അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രമ്പിന്റെ ഈ അവകാശവാദം.
കഴിഞ്ഞ മാസം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ യുഎസ് പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 27 മുതൽ അധിക തീരുവ പ്രാബല്യത്തിൽ വരും. ഇത്തരത്തിൽ തീരുവ വർധിപ്പിച്ചത് ഇന്ത്യയെ റഷ്യയുമായുള്ള വാണിജ്യബന്ധത്തിൽ നിന്ന് വിലക്കിയിട്ടുണ്ടെന്നാണ് ട്രമ്പ് പ്രതീക്ഷിക്കുന്നത്.
യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ ഒരു നീക്കവും നടത്തിയില്ലെങ്കിൽ റഷ്യയിൽ ഉപരോധം ഏർപ്പെടുത്തുമെന്നും അവരിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ദ്വിതീയ ഉപരോധം ഏർപ്പെടുത്തുമെന്നും യുഎസ് ഭീഷണിപ്പെടുത്തിയിരുന്നു. റഷ്യയുടെ എണ്ണ വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ പേർ ചൈനയും ഇന്ത്യയുമാണ്.
” അദ്ദേഹത്തിന് (റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്) ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു, അതായത് എണ്ണയുടെ 40 ശതമാനവും വാങ്ങുന്നത് ഇന്ത്യയാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, ചൈന ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്… ഞാൻ ദ്വിതീയ ഉപരോധം അല്ലെങ്കിൽ ദ്വിതീയ താരിഫ് ചെയ്താൽ, അവരുടെ കാഴ്ചപ്പാടിൽ നിന്ന് അത് വളരെ വിനാശകരമായിരിക്കും. അത് ചെയ്യേണ്ടി വന്നാൽ, ഞാൻ അത് ചെയ്യും. പക്ഷേ ഞാൻ അത് ചെയ്യേണ്ടതായി വരില്ല,” പുടിനുമായി ചർച്ചയ്ക്ക് പോകുന്നതിനു മുൻപ് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.
അതേസമയം യുഎസിന്റെ ഇത്തരം സമ്മർദ്ദങ്ങൾക്ക് മുന്നിൽ ഇന്ത്യ തല കുനിയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കെതിരെ നിയമവിരുദ്ധമായ വ്യാപാര സമ്മർദ്ദം ചെലുത്തിയതിന് റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ട്രംപിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

