ന്യൂഡൽഹി ; റാഫേൽ പോലെ നാലാം തലമുറ യുദ്ധവിമാനങ്ങളുള്ള ഇന്ത്യ , ഇപ്പോൾ കൂടുതൽ ശക്തമായ യുദ്ധവിമാനങ്ങൾ സ്വന്തമായി നിർമ്മിക്കാനുള്ള നടപടികളുമായി മുന്നോട്ട്. വരും വർഷങ്ങളിൽ ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച എഎംസിഎ പ്രോഗ്രാം എക്സിക്യൂഷൻ മോഡലിന് അംഗീകാരം നൽകി. ഈ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പദ്ധതി പ്രകാരം, ഇന്ത്യ അതിന്റെ സങ്കീർണ്ണമായ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.
എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി (എഡിഎ) ആയിരിക്കും ഈ എഎംസിഎ പദ്ധതി നടപ്പിലാക്കുക, വിവിധ കമ്പനികളുടെ സഹായം ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇതിൽ സർക്കാർ, സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് തുല്യ അവസരങ്ങൾ നൽകും.
ഏത് കമ്പനിക്കും ഈ പദ്ധതിക്കായി ഒറ്റയ്ക്കോ, അല്ലെങ്കിൽ ഒരു ഗ്രൂപ്പായോ ലേലം വിളിക്കാം. എല്ലാ കമ്പനികളും ഇന്ത്യക്കാരായിരിക്കണം. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. ഉയർന്ന വേഗതയിൽ പറക്കാൻ കഴിവുള്ള, ശക്തമായ സെൻസർ ഫ്യൂഷൻ, നൂതന ഏവിയോണിക്സ് എന്നിവയുള്ള മൾട്ടിറോൾ ഫൈറ്റർ ജെറ്റുകൾ വികസിപ്പിക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത് . അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പദ്ധതി അടുത്ത പത്ത് വർഷത്തിനുള്ളിൽ, നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്കൻ എഫ്-22 റാപ്റ്റർ, എഫ്-35 ലൈറ്റ്നിംഗ്, ചൈനീസ് ജെ-20, റഷ്യൻ സുഖോയ് എസ്യു-57 എന്നിവയാണ് നിലവിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായി കണക്കാക്കപ്പെടുന്നു.

