ന്യൂഡൽഹി : ബംഗ്ലാദേശിൽ നിന്നുള്ള ചണവും അനുബന്ധ ഫൈബർ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു. ഉടനടി പ്രാബല്യത്തിൽ വരത്തക്ക രീതിയിലാണ് നിരോധനം . ഹിന്ദു ക്ഷേത്രം തകർത്തതിനു പിന്നാലെ ബംഗ്ലാദേശുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നതിനിടെയാണ് ഈ നീക്കം. മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖം ഒഴികെയുള്ള മറ്റെല്ലാ കരമാർഗ്ഗങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയും ബംഗ്ലാദേശിന്റെ ചണവും അനുബന്ധ ഫൈബർ ഉൽപ്പന്നങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങൾ ബാധകമാകും.
വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) വെള്ളിയാഴ്ച നിരോധനം ഏർപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത് . എങ്കിലും, ഇന്ത്യ വഴി നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കുള്ള ബംഗ്ലാദേശ് കയറ്റുമതിക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാകില്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
അസം, മേഘാലയ, മിസോറാം, ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ലാൻഡ് കസ്റ്റംസ് സ്റ്റേഷനുകൾ വഴി ഇന്ത്യയിലേക്ക് കാർബണേറ്റഡ് പാനീയങ്ങളും, സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും, കോട്ടൺ നൂലും, കോട്ടൺ നൂൽ അവശിഷ്ടങ്ങളും, പ്ലാസ്റ്റിക് സാധനങ്ങളും ഫർണിച്ചറുകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.ഇന്ത്യയിലെ ചണ വ്യവസായവുമായി ബന്ധപ്പെട്ട സംഘടനകൾ പറയുന്നത് ബംഗ്ലാദേശിൽ നിന്ന് സബ്സിഡി നിരക്കിലും കുറഞ്ഞ വിലയിലും വലിയ അളവിൽ ചണ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ഇതുമൂലം ഇന്ത്യൻ വ്യവസായം വളരെക്കാലമായി നഷ്ടം നേരിടുന്നുവെന്നുമാണ്. ഇതും നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു .

