ന്യൂഡൽഹി : റഷ്യയുമായുള്ള ഊർജ്ജ സഹകരണം വെട്ടിക്കുറയ്ക്കാൻ ഇന്ത്യയെയും ചൈനയെയും സമ്മർദ്ദത്തിലാക്കുന്ന യുഎസ് ശ്രമങ്ങളെ ശക്തമായി വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ . ഇത്തരം നീക്കങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും യുഎസിന് തിരിച്ചടിയാകുകയും ചെയ്യുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി.
റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് മേൽ ഉയർന്ന താരിഫ് ഏർപ്പെടുത്തിയാൽ അത് ആഗോള ഊർജ്ജ വില ഉയർത്തുകയും യുഎസ് ഫെഡറൽ റിസർവിനെ പലിശ നിരക്ക് ഉയർന്ന നിലയിൽ നിലനിർത്താൻ നിർബന്ധിതമാക്കുകയും ചെയ്യുമെന്ന് പുടിൻ പറഞ്ഞു. അത് യുഎസ് സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങാൻ ഇന്ത്യയ്ക്ക് ഒരു കാരണവുമില്ലെന്നും പുടിൻ പറഞ്ഞു. “ഇന്ത്യ ഒരിക്കലും സ്വയം അപമാനിക്കപ്പെടാൻ അനുവദിക്കില്ല,പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും അത്തരമൊരു നടപടി സ്വീകരിക്കില്ലെന്നും “ അദ്ദേഹം പറഞ്ഞു.
“ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ ജനങ്ങൾ, എന്നെ വിശ്വസിക്കൂ, രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആരുടെയും മുന്നിൽ ഒരു അപമാനവും അനുവദിക്കുകയുമില്ല. പിന്നെ, പ്രധാനമന്ത്രി മോദിയെ എനിക്കറിയാം; അദ്ദേഹം തന്നെ ഒരിക്കലും ഇത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിക്കില്ല,” പുടിൻ പറഞ്ഞു.
വിദേശ സമ്മർദ്ദത്തിന് വഴങ്ങി റഷ്യൻ എണ്ണ വാങ്ങൽ ഉപേക്ഷിക്കാനുള്ള ഏതൊരു നീക്കവും ഇന്ത്യൻ പൊതുജനം ഒടുവിൽ നിരസിക്കുമെന്നും, സാമ്പത്തിക വീക്ഷണകോണിൽ നിന്ന് അത്തരം തീരുമാനങ്ങളെ “അർത്ഥശൂന്യം” എന്ന് വിളിക്കുമെന്നും പുടിൻ പറഞ്ഞു.റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയാൽ, 9 ബില്യൺ മുതൽ 10 ബില്യൺ ഡോളർ വരെ നഷ്ടം നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

