ന്യൂഡൽഹി : മലേഗാവ് സ്ഫോടന കേസിൽ സുപ്രധാന വെളിപ്പെടുത്തലുമായി പ്രജ്ഞാ സിങ് താക്കൂർ . പ്രധാനമന്ത്രി നരേന്ദ്ര മോദി , ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , ആർഎസ്എസ് മേധാവി മോഹൻ ഭഗവത് തുടങ്ങിയവരുടെ പേര് പരാമർശിക്കാൻ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ തന്റെ മേൽ സമ്മർദ്ദം ചെലുത്തിയതായി പ്രജ്ഞാ സിങ് താക്കൂർ പറഞ്ഞു.
“മുതിർന്ന ബിജെപി നേതാവ് റാം മാധവ് ഉൾപ്പെടെ നിരവധി പേരുടെ പേര് പറയാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഇതിനായി അവർ എന്നെ പീഡിപ്പിച്ചു. എന്റെ ശ്വാസകോശം തകരാറിലായി, എന്നെ നിയമവിരുദ്ധമായി ആശുപത്രിയിൽ തടവിലാക്കി. ഞാൻ ഗുജറാത്തിലാണ് താമസിച്ചിരുന്നത്, അതിനാൽ പ്രധാനമന്ത്രി മോദിയുടെ പേര് പറയാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ ആരുടെയും പേര് പറഞ്ഞില്ല,” പ്രജ്ഞാ സിങ് താക്കൂർ പറഞ്ഞു.ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെ അറസ്റ്റ് ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥർ ഉത്തരവിട്ടതായി മുൻ എടിഎസ് അംഗം മെഹബൂബ് മുജാവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
യോഗി ആദിത്യനാഥിനെയും ആർഎസ്എസുമായി ബന്ധപ്പെട്ട മറ്റ് നാല് പേരെയും പ്രതിചേർക്കാൻ തന്നെ നിർബന്ധിച്ചുവെന്ന് അടുത്തിടെ മറ്റൊരു വെളിപ്പെടുത്തലും ഉണ്ടായി . മുതിർന്ന ആർഎസ്എസ് അംഗം ഇന്ദ്രേഷ് കുമാറിന്റെ പേരും പരാമർശിക്കാൻ സമ്മർദ്ദമുണ്ടായിരുന്നു.
കേസിൽ പ്രജ്ഞാ സിംഗ് താക്കൂർ, ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ ഏഴ് പേരെ വ്യാഴാഴ്ചയാണ് എൻഐഎ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്.

