ജയ്പുർ ; രാജസ്ഥാനിൽ 150 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരിയെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു . ബെഹ്റോർ ജില്ലയിൽ ഇന്നലെയാണ് സംഭവം . വീടിന് സമീപത്തെ കൃഷിയിടത്തിൽ അച്ഛനൊപ്പം എത്തിയതാണ് ചേതന എന്ന മൂന്ന് വയസുകാരി .
അബദ്ധത്തിൽ തുറന്നിരിക്കുന്ന കുഴൽക്കിണറിൽ വീഴുകയായിരുന്നു. അനുജത്തി വീണത് കണ്ട ചേതനയുടെ മൂത്ത സഹോദരി കാവ്യ ഉടൻ മാതാപിതാക്കളെ വിവരം അറിയിച്ചു. വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ചേതന ആദ്യം 15 അടി താഴ്ചയിൽ കുടുങ്ങിയെങ്കിലും പിന്നീട് താഴേക്ക് വീഴുകയായിരുന്നു.
മൂന്നു വയസ്സുകാരിയെ രക്ഷിക്കാൻ ‘ഹുക്ക് ടെക്നിക്’ നടത്താൻ രക്ഷാസംഘം പദ്ധതിയിടുന്നു. രക്ഷാസംഘം വടത്തിൽ ഘടിപ്പിച്ച കൊളുത്ത് ഉപയോഗിച്ച് പെൺകുട്ടിയെ പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. രക്ഷാസംഘം കുട്ടിയ്ക്ക് ട്യൂബ് വഴി ഓക്സിജൻ നൽകുന്നുണ്ട്. കിണറിനുള്ളിൽ കുട്ടിയെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിക്കുകയും ചെയ്തു.