ന്യൂഡൽഹി : കഴിഞ്ഞ ദിവസമാണ് വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. എന്നാലിപ്പോൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ സമാജ്വാദി പാർട്ടി എംപിയും നേതാവുമായ എസ്.ടി. ഹസൻ . “നമ്മുടെ രാജ്യത്ത് എല്ലാ മതത്തിലെയും സമുദായത്തിലെയും ആളുകൾ താമസിക്കുന്നു, പക്ഷേ ഈ സർക്കാർ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാത്രമാണ് വിജയിക്കുന്നത്. ഹിന്ദു-മുസ്ലീം വിഭജനം വീണ്ടും ജ്വലിപ്പിക്കാനും അവരുടെ വോട്ട് ബാങ്ക് ധ്രുവീകരിക്കാനും അവർ ഇപ്പോൾ ഒരു പുതിയ പ്രചാരണം ആരംഭിച്ചിരിക്കുന്നു“ എന്നാണ് വന്ദേമാതരത്തിന്റെ മാർഗനിർദേശങ്ങളെ പറ്റി ഹസൻ പറയുന്നത് .
നമ്മുടെ രാജ്യം നാനാത്വത്തിൽ ഏകത്വത്തിന്റെ നാടാണ്. ഇതാണ് നമ്മുടെ പ്രത്യേകത, അതാണ് നമ്മുടെ രാജ്യത്തെ ഇത്രയധികം ശക്തമാക്കിയത്. പലരും വന്ദേമാതരം ഒരു ആരാധനാക്രമമായി കണക്കാക്കുന്നു. പ്രത്യേകിച്ച് മുസ്ലീങ്ങൾ വിശ്വസിക്കുന്നതുപോലെ, അത് ഭൂമിയെ ആരാധിക്കുന്നതായി വിശ്വസിക്കുന്നു. അത് നമ്മുടെ മതത്തിൽ അനുവദനീയമല്ല. സിഖുകാർ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, മറ്റ് ആളുകൾ എന്നിവർ ഇന്ത്യയിൽ താമസിക്കുന്നു. അല്ലാഹുവിലോ ദൈവത്തിലോ വിശ്വസിക്കാത്ത ചിലരുമുണ്ട്. അവരെ നിരീശ്വരവാദികളായി കണക്കാക്കുന്നു. ആരെയും ഒരു ജോലിയും ചെയ്യാൻ നിർബന്ധിക്കാനോ ഏതെങ്കിലും പാട്ട് പാടാനോ പാടില്ല എന്ന് സുപ്രീം കോടതി മുമ്പ് വിധിച്ചിട്ടുണ്ട്. ഈ ഗാനം നമ്മുടെ വ്യവസായത്തെ ബാധിക്കുമോ, പണപ്പെരുപ്പം കുറയ്ക്കുമോ, അല്ലെങ്കിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമോ?ഇത് ദേശീയോദ്ഗ്രഥനത്തിന് ദോഷം വരുത്തുമെന്നും ജനങ്ങൾക്കിടയിൽ വിവാദങ്ങൾ സൃഷ്ടിക്കുമെന്നും എസ്.ടി. ഹസൻ പറഞ്ഞു.
ദേശീയഗീതവും ദേശീയഗാനമായ വന്ദേമാതരവും ആലപിക്കേണ്ട ചടങ്ങുകളിൽ വന്ദേമാതരം ആയിരിക്കണം ആദ്യം പാടേണ്ടത് എന്ന് ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ദേശീയഗീതം പാടുമ്പോൾ സദസ്സിലുള്ളവർ എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

