ധാക്ക : ഇന്ത്യ കഷണങ്ങളായി വിഭജിക്കപ്പെടുന്നതുവരെ ബംഗ്ലാദേശിന് പൂർണ്ണ സമാധാനം ഉണ്ടാകില്ലെന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവും യുദ്ധക്കുറ്റവാളിയുമായ ഗുലാം അസമിന്റെ മകനും ബ്രിഗേഡിയർ ജനറലുമായ (റിട്ട.) അബ്ദുല്ലാഹിൽ അമാൻ ആസ്മി . ധാക്കയിലെ നാഷണൽ പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിലാണ് അസ്മിയുടെ ഈ പരാമർശം .
ബംഗ്ലാദേശിനെ മനഃപൂർവ്വം അസ്ഥിരമായി നിലനിർത്താൻ ഇന്ത്യ ശ്രമിച്ചുവെന്ന് അസ്മി ആരോപിച്ചു. “ഇന്ത്യ കഷണങ്ങളായി വിഭജിക്കപ്പെടാത്തിടത്തോളം ബംഗ്ലാദേശിന് പൂർണ്ണ സമാധാനം കാണാൻ കഴിയില്ല . കാരണം ഇന്ത്യ എല്ലായ്പ്പോഴും രാജ്യത്തിനുള്ളിൽ അശാന്തി ഉണ്ടാക്കുന്നു.“ – അസ്മി പറഞ്ഞു . 1971 ലെ വിമോചന യുദ്ധത്തിലെ ഏറ്റവും കുപ്രസിദ്ധരായ വ്യക്തികളിൽ ഒരാളായിരുന്നു അസ്മിയുടെ പിതാവ് ഗുലാം അസം. ഹിന്ദുക്കളുടെയും വിമോചന അനുകൂല ബംഗാളികളുടെയും കൊലപാതകത്തിന് ഉത്തരവാദിയായിരുന്നു അസം.
ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശമായ ചിറ്റഗോംഗ് ഹിൽ ട്രാക്റ്റുകളിലെ അശാന്തിക്ക് ഇന്ത്യയെ അസ്മി കുറ്റപ്പെടുത്തി. 1970 കളിലും 1990 കളിലും ഇന്ത്യ ഈ പ്രദേശത്തെ സായുധ സംഘങ്ങളെ പിന്തുണച്ചിരുന്നുവെന്ന് അസ്മി പറഞ്ഞു . 1975 മുതൽ 1996 വരെ അക്രമാസക്തമായ സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന പാർബത്യ ചാറ്റോഗ്രാം ജന സംഹതി സമിതിയുടെ (പിസിജെഎസ്എസ്) തീവ്രവാദ വിഭാഗമായ ശാന്തി ബാഹിനിയെ ഇന്ത്യ പരിശീലിപ്പിക്കുകയും ആയുധങ്ങൾ നൽകുകയും ചെയ്തുവെന്ന് അസ്മി ആരോപിച്ചു.
അസ്മിയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. “സൗഹൃദബന്ധങ്ങൾ നിലനിർത്തുന്നതായി നടിക്കുകയും നമ്മുടെ വേർപിരിയൽ പരസ്യമായി സ്വപ്നം കാണുകയും ചെയ്യുന്ന അത്തരം ശക്തികളെക്കുറിച്ച് ഇന്ത്യ ജാഗ്രത പാലിക്കുകയും പൂർണ്ണമായി അറിയുകയും വേണം,” കേണൽ മായങ്ക് ചൗബെ പറഞ്ഞു .

