ബമാകോ : ആഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. മാലിയുടെ പടിഞ്ഞാറൻ മേഖലയിലെ കോബ്രിക്കടുത്താണ് സംഭവം . വൈദ്യുതീകരണ പദ്ധതികളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ സുരക്ഷാ കാരണങ്ങളാൽ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. 2012 മുതൽ അട്ടിമറികളും സംഘർഷങ്ങളും നിറഞ്ഞ മാലിയിൽ വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകൾ സാധാരണമാണ്.
അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പ് ഫോർ ദി സപ്പോർട്ട് ഓഫ് ഇസ്ലാം ആൻഡ് മുസ്ലീങ്ങൾ എന്ന സംഘടന കഴിഞ്ഞ സെപ്റ്റംബറിൽ ബമാകോയിൽ നിന്ന് രണ്ട് എമിറാത്തി പൗരന്മാരെയും ഒരു ഇറാനിയനെയും തട്ടിക്കൊണ്ടുപോയിരുന്നു . 50 മില്യൺ ഡോളർ മോചനദ്രവ്യം നൽകിയ ശേഷം കഴിഞ്ഞ ആഴ്ചയാണ് അവരെ പിന്നീട് വിട്ടയച്ചത്.
അതേസമയം, തട്ടിക്കൊണ്ടുപോകലുകൾക്ക് പിന്നിൽ അൽ-ഖ്വയ്ദയും ഐഎസും ആണെന്നും സംശയമുണ്ട്. നിലവിൽ സൈനിക ഭരണത്തിൻ കീഴിലുള്ള മാലി വളരെക്കാലമായി സംഘർഷാവസ്ഥയിലാണ്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാകുകയും ജനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യുന്നുണ്ട്.

