ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ചലച്ചിത്ര നിരൂപകൻ കമൽ ഖാൻ വീണ്ടും വിവാദത്തിൽ . യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട വ്യാജ സോഷ്യൽ മീഡിയ പോസ്റ്റാണ് കമൽ ഖാൻ പങ്ക് വച്ചത് . ഇത് വിവാദമായതിന് പിന്നാലെ ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് കമൽ ഖാനെതിരെ കേസെടുക്കാൻ നീക്കങ്ങൾ ആരംഭിച്ചിരുന്നു . അതിനു പിന്നാലെയാണ് കമൽഖാൻ മാപ്പ് പറഞ്ഞത് .
മുഖ്യമന്ത്രി യോഗിയോട് കൈകൂപ്പി ക്ഷമാപണം നടത്തുകയായിരുന്നു കെആർകെ . ഒപ്പം തന്റെ എക്സ് അക്കൗണ്ടിൽ നിന്ന് വ്യാജ പോസ്റ്റും ഡിലീറ്റ് ചെയ്തു. “മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഈ വാർത്ത വ്യാജമാണെന്ന് അറിഞ്ഞപ്പോൾ, ഞാൻ ഉടൻ തന്നെ അത് നീക്കം ചെയ്തു. ഭാവിയിൽ ഞാൻ വളരെ ശ്രദ്ധാലുവായിരിക്കും.” തന്റെ പോസ്റ്റിൽ യുപി സർക്കാരിനെയും യുപി പോലീസിനെയും ടാഗ് ചെയ്തുകൊണ്ട് കെആർകെ കുറിച്ചു.
“സർ, ആരും നിങ്ങൾക്ക് വോട്ട് ചെയ്തില്ലെങ്കിലും നിങ്ങൾ വിജയിക്കും, എല്ലാവർക്കും ഇത് അറിയാം. @ECISVEEP സിന്ദാബാദ്” എന്ന കുറിപ്പിനൊപ്പം മുഖ്യമന്ത്രി യോഗിയുടെ ഫോട്ടോയും “നമുക്ക് മുസ്ലീം, ദലിത്, യാദവ വോട്ടുകൾ ലഭിച്ചില്ലെങ്കിലും ഞങ്ങൾ സർക്കാർ രൂപീകരിക്കും” എന്ന് എഴുതിയ ഒരു പത്രത്തിന്റെ സ്ക്രീൻഷോട്ടുമാണ് കമൽ ഖാൻ പങ്ക് വച്ചത്.
ഇതേത്തുടർന്ന്, ലക്നൗവിലെ നരാഹി സ്വദേശി രാജ്കുമാർ തിവാരി പോലീസിൽ പരാതി നൽകി. ഈ വ്യാജ പോസ്റ്റ് ഹിന്ദു സമൂഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള മനഃപൂർവമായ ഗൂഢാലോചനയാണെന്നും പരാതിയിൽ പറയുന്നു . പരാതി ലഭിച്ചതിനെത്തുടർന്ന്, ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷൻ ഐടി ആക്ടിലെ വകുപ്പുകൾ പ്രകാരവും സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ഈ വ്യാജ ഫോട്ടോയെ പറ്റിയും സൈബർ സെൽ നിലവിൽ അന്വേഷണം നടത്തിവരികയാണ്.
മലയാളത്തിലെ സൂപ്പർ താരം മോഹൻലാലിനെ അടക്കം ആക്ഷേപിച്ച് പോസ്റ്റുകൾ പങ്ക് വയ്ക്കുന്നയാളാണ് കെ ആർ കെ.മുൻപും കെആർകെ മോഹൻലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. തുടർന്ന് മലയാളി ആരാധകർ കെആർകെയ്ക്കെതിരെ രംഗത്തെത്തി . ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടും ഹാക്ക് ചെയ്തു. അതിനു പിന്നാലെ മാപ്പ് പറഞ്ഞ് കെ ആർ കെ രംഗത്തെത്തി.മോഹൻലാലിനെ പറ്റി തനിക്ക് കൂടുതൽ അറിയില്ലായിരുന്നുവെന്നും,ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണെന്ന കാര്യം ഇപ്പോള്‍ മനസിലായെന്നും കെ ആർ കെ വ്യക്തമാക്കി.

