പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെ മകൻ അകീൽ അക്തറിന്റെ മരണത്തിൽ ട്വിസ്റ്റ് . അകീൽ അക്തർ (35) മുൻകൂട്ടി റെക്കോർഡുചെയ്ത വീഡിയോ അയൽക്കാരൻ ഷംസുദ്ദീൻ ചൗധരി പോലീസിൽ സമർപ്പിച്ചതിനെ തുടർന്നാണ് പുതിയ വിവാദം .
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പഞ്ച്കുലയിലെ വീട്ടിൽ അകീൽ അക്തറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് . തന്റെ പിതാവിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നും , തന്നെ കൊല്ലാൻ ഇരുവരും പദ്ധതിയിട്ടതായും ആരോപിച്ച് മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് അകീൽ അക്തർ വീഡിയോ പുറത്തിറക്കിയിരുന്നു. ഇതാണിപ്പോൾ പൊലീസിന് കൈമാറിയിരിക്കുന്നത് .
പൊലീസ് പറയുന്നതനുസരിച്ച്, അകീലിനെ വീട്ടിൽ അബോധാവസ്ഥയിലാണ് കണ്ടെത്തിയത് . മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞത്. എന്നാൽ, ഷംസുദ്ദീൻ ചൗധരി നൽകിയ പരാതിയും ഓഗസ്റ്റ് 27 ന് അകീൽ റെക്കോർഡുചെയ്ത 16 മിനിറ്റ് വീഡിയോയും ഗുരുതരമായ സംശയങ്ങൾക്കിട നൽകുന്നതാണ്.
വീഡിയോയിൽ, അകീൽ തന്റെ പിതാവിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കുന്നുണ്ട് . തന്നെ കൊല്ലാനോ വ്യാജ കേസിൽ കുടുക്കാനോ ഉള്ള ഗൂഢാലോചനയിൽ തന്റെ അമ്മയും സഹോദരിയും പങ്കാളികളാണെന്നും അകീൽ ആരോപിച്ചു. തന്നെ വ്യാജമായി തടങ്കലിൽ വച്ചതായും , ബിസിനസ്സ് വരുമാനം നഷ്ടപ്പെടുത്തിയതായും , മാനസിക പീഡനം, ശാരീരിക പീഡനം, വ്യാജ കേസുകൾ എന്നിവ തനിക്കെതിരെ ചുമത്തുമെന്ന് ഭീഷണി ഉണ്ടെന്നും അകീൽ വീഡിയോയിൽ പറയുന്നു.
വിവാഹം മുതൽ താൻ അനുഭവിക്കുന്ന മാനസിക വിഷമത്തെക്കുറിച്ചും അകീൽ പറയുന്നുണ്ട് . 2018 ൽ തന്റെ അച്ഛനും ഭാര്യയും തമ്മിലുള്ള ബന്ധം കണ്ടെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. അകീലിന്റെ വീഡിയോ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്ന വ്യക്തമായ മുന്നറിയിപ്പാണെന്നാണ് അയൽക്കാർ നൽകിയ പരാതിയിൽ പറയുന്നത്.
മുൻ ഡിജിപി മുഹമ്മദ് മുസ്തഫ, ഭാര്യ റസിയ സുൽത്താന, മകൾ, മരുമകൾ എന്നിവർക്കെതിരെ 103(1), 61 ഭാരതീയ ജയ് സൻഹിത എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

