ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഒറ്റയടിയ്ക്ക് 993 രൂപയായാണ് വർദ്ധിപ്പിച്ചത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വർധനവാണിത് . കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് തൊട്ടുപിന്നാലെയാണ് പെട്ടെന്നുള്ള ഈ വർദ്ധനവ്.
വില പരിഷ്കരണത്തെത്തുടർന്ന്, ഡൽഹിയിൽ ഒരു വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഇപ്പോൾ 3,071.50 രൂപയാണ്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ദേശീയ തലസ്ഥാനത്ത് 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന് ഇപ്പോൾ 913 രൂപയാണ് വില. തിരുവനന്തപുരത്ത് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 3,106 രൂപയും കൊച്ചിയിൽ 3,085 രൂപയുമാണ് വില. ഇതോടെ, റെസ്റ്റോറന്റുകൾ ഭക്ഷണ വില ഉയർത്താനും നിർബന്ധിതരായേക്കാം.
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്നാണ് എൽപിജി വിലയിൽ ഈ വർധനവ് . മെയ് മുതൽ വലിയ വിലവർദ്ധനവ് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ മാസം, 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 60 രൂപ വർദ്ധിപ്പിച്ചിരുന്നു. അതിനുമുമ്പ്, മാർച്ച് 7 ന്, വില 114.5 രൂപ വർദ്ധിപ്പിച്ചു. ഏപ്രിലിൽ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 196 രൂപ വർദ്ധിപ്പിച്ചു. ആഗോള എണ്ണ, പ്രകൃതിവാതക കൈ മാറ്റത്തിനുള്ള പ്രധാന മാർഗമായ ഹോർമുസ് കടലിടുക്ക് അടച്ചതാണ് വിലയിലെ കുത്തനെയുള്ള വർധനവിന് പ്രധാന കാരണം. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും ക്ഷാമത്തിന് കാരണമായിട്ടുണ്ട്.

