ഇസ്ലാമാബാദ് : മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുടെ ആഘാതം ലോകമെമ്പാടും അനുഭവപ്പെടുന്നുണ്ട് . ഇത് അസംസ്കൃത എണ്ണയുടെ വില ഉയരുന്നതിനും ക്ഷാമത്തിനും കാരണമായി. ഓരോ രാജ്യവും അവരുടേതായ രീതിയിൽ പ്രതിസന്ധി നേരിടാനും പരിഹാരങ്ങൾ കണ്ടെത്താനും ശ്രമിക്കുന്നു. ഇന്ത്യയും സ്വന്തം തന്ത്രം ഇതിനായി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഈ നീക്കങ്ങളെ പ്രശംസിക്കുകയാണ് ഇപ്പോൾ പാക് മന്ത്രി.
പ്രാദേശിക വാർത്താ ചാനലുമായി സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാൻ പെട്രോളിയം മന്ത്രി അലി മാലിക് , ഇന്ത്യയുടെ എണ്ണ സംരക്ഷണത്തെയും നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുന്ന രീതിയെയും പ്രശംസിച്ചത് . പാകിസ്ഥാന്റെയും ഇന്ത്യയുടെയും തന്ത്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ, പാകിസ്ഥാനിൽ 5 മുതൽ 7 ദിവസത്തേക്ക് വരെ ആവശ്യമായ എണ്ണ മാത്രമേ ഉള്ളൂ എന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.
“ഇന്ത്യയ്ക്ക് 600 ബില്യൺ ഡോളറിന്റെ കരുതൽ ശേഖരം മാത്രമല്ല, തന്ത്രപരമായ മറ്റ് കരുതൽ ശേഖരവും ഉണ്ട്. എണ്ണവില കുതിച്ചുയർന്നപ്പോൾ, പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചുകൊണ്ട് അവർ സ്വയം സംരക്ഷിക്കാൻ ശ്രമിച്ചു. അങ്ങനെ ചെയ്യാൻ അവർക്ക് മതിയായ സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടായിരുന്നു.പാകിസ്ഥാന് തന്ത്രപരമായ എണ്ണ കരുതൽ ശേഖരമില്ല , . 60-70 ദിവസത്തെ കരുതൽ ശേഖരമുള്ള, ഒരൊറ്റ ഒപ്പ് ഉപയോഗിച്ച് അത് പുറത്തിറക്കാൻ കഴിയുന്ന ഇന്ത്യയെപ്പോലെയല്ല ഞങ്ങൾ.” അലി മാലിക് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ക്രൂഡ് ഓയിൽ വില ഗണ്യമായി ഉയർന്നിട്ടുണ്ടെങ്കിലും, വില നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഇന്ധനച്ചെലവുകളുടെ നികുതി കുറച്ചിരുന്നു . ഊർജ്ജ പ്രതിസന്ധി കാര്യഗൗരവമായി കൈകാര്യം ചെയ്യുന്ന ഈ സമീപനം പാകിസ്ഥാൻ മന്ത്രിയെയും ആകർഷിച്ച് കഴിഞ്ഞു. കാരണം ഈ സാഹചര്യം പരിഹരിക്കാൻ പാകിസ്ഥാൻ സർക്കാരിന് നിലവിൽ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഊർജ്ജക്ഷാമം പാകിസ്ഥാനിൽ വൈദ്യുതി മുടക്കത്തിലേക്ക് പോലും നയിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ജനങ്ങളും ഈ ക്ഷാമം മൂലം വളരെയധികം കഷ്ടപ്പെടുന്നു. അതിനിടെയാണ് പാകിസ്ഥാൻ മന്ത്രി തന്നെ ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയത് .

