കൊൽക്കത്ത : ഇവിഎമ്മിൽ കൃത്രിമം നടന്നെന്നും, തട്ടിപ്പ് നടന്നെന്നും ആരോപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . തെക്കൻ കൊൽക്കത്തയിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന സ്ട്രോങ് റൂം സന്ദർശിച്ച ശേഷമാണ് മമതയുടെ ആരോപണം . രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലെ ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്നത് സഖാവത്ത് മെമ്മോറിയൽ സ്കൂളിലാണ് . കനത്ത മഴയ്ക്കിടയിലാണ് മമത ബാനർജി ഇവിടെ എത്തിയത് . കൊൽക്കത്ത മേയറും ടിഎംസി നേതാവുമായ ഫിർഹാദ് ഹക്കീമും സ്ഥലത്തെത്തി.
മമത ബാനർജി തന്റെ തിരഞ്ഞെടുപ്പ് ഏജന്റിനൊപ്പം അകത്ത് കയറിയിട്ടുണ്ടെന്നും സ്ഥാനാർത്ഥി എന്ന നിലയിൽ തന്റെ അവകാശങ്ങൾ പരിശോധിച്ചുവരികയാണെന്നുമാണ് ഫിർഹാദ് ഹക്കീം പറഞ്ഞത് . “എന്നെ അകത്ത് പ്രവേശിപ്പിച്ചില്ല, അതിനാൽ അകത്ത് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പറയാൻ കഴിയില്ല” ഹക്കീം പറഞ്ഞു. ഖുദിറാം അനുശീലൻ കേന്ദ്രത്തിന് പുറത്ത് സൂക്ഷിച്ചിരുന്ന ഇവിഎമ്മുകളിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് ടിഎംസി പാർട്ടി സ്ഥാനാർത്ഥികളായ കുനാൽ ഘോഷും ശശി പഞ്ചയും കുത്തിയിരിപ്പ് സമരം ആരംഭിച്ചതാണ് ആരോപണങ്ങൾക്ക് തുടക്കമിട്ടത്.
വൈകുന്നേരം 3:30 വരെ പാർട്ടി പ്രവർത്തകർ സ്ട്രോങ് റൂമിന് പുറത്തുണ്ടായിരുന്നുവെന്നും, എന്നാൽ വൈകുന്നേരം 4 മണിക്ക് സ്ട്രോങ് റൂം തുറക്കുമെന്ന് അറിയിച്ചുകൊണ്ട് പെട്ടെന്ന് ഇമെയിൽ ലഭിച്ചതായും കുനാൽ ഘോഷ് ആരോപിച്ചു. “ഞങ്ങളുടെ പ്രവർത്തകരെ ബന്ധപ്പെട്ടപ്പോൾ അവർ പോയതായി ഞങ്ങൾ അറിഞ്ഞു. ഞങ്ങൾ ഉടൻ എത്തി, പക്ഷേ ബിജെപിയെ ക്ഷണിച്ചിട്ടും അവർ വന്നില്ല .” തത്സമയ സ്ട്രീമിൽ ക്രമക്കേടുകൾ ഉണ്ടെന്നും പോസ്റ്റൽ ബാലറ്റ് പ്രക്രിയ നടക്കുകയാണെങ്കിൽ എന്തുകൊണ്ട് അത് നേരത്തെ പ്രഖ്യാപിച്ചില്ല എന്നും കുനാൽ ഘോഷ് ചോദിച്ചു.
സ്ട്രോങ് റൂം വളരെ സെൻസിറ്റീവ് ആയ സ്ഥലമാണെന്നും അത് തുറക്കുന്നതിന് മുമ്പ് എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിക്കേണ്ടതായിരുന്നുവെന്നും ശശി പഞ്ച പറഞ്ഞു . അതിനിടെ, കൊൽക്കത്തയിലെ ചൗരിംഗീ പ്രദേശത്തെ സ്ട്രോങ് റൂമിന് പുറത്ത് ബിജെപി, തൃണമൂൽ കോൺഗ്രസ് നേതാക്കളും അനുയായികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ബിജെപി നേതാവ് തപസ് റോയ് സ്ഥലത്തെത്തിയതോടെ സ്ഥിതി കൂടുതൽ സംഘർഷഭരിതമായി.
അതേസമയം തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. സ്ട്രോംഗ് റൂമുകൾ പൂർണ്ണമായും സുരക്ഷിതമാണെന്നും ഒരു കൃത്രിമത്വവും നടന്നിട്ടില്ലെന്നും കമ്മീഷൻ പറഞ്ഞു. ഖുദിറാം അനുശീലൻ കേന്ദ്ര സമുച്ചയത്തിൽ ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങൾക്കായുള്ള സ്ട്രോംഗ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. വോട്ടെടുപ്പ് അവസാനിച്ച ശേഷം സ്ഥാനാർത്ഥികളുടെയും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാരുടെയും പൊതു നിരീക്ഷകന്റെയും സാന്നിധ്യത്തിൽ എല്ലാ സ്ട്രോംഗ് റൂമുകളും സീൽ ചെയ്തു. പുലർച്ചെ 5:15 ഓടെ അവസാനത്തെ സ്ട്രോംഗ് റൂം സീൽ ചെയ്തതായും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

