ഡബ്ലിൻ: മെയ് ദിനത്തിൽ അയർലൻഡിൽ വർധിച്ചുവരുന്ന ജീവിത ചിലവ് കുറയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തൊഴിലാളി യൂണിയനുകൾ. ഭക്ഷ്യവസ്തുക്കളുടെ ഉൾപ്പെടെ വിലകൾ കുതിച്ചുയരുന്നത് മുന്നോട്ടുപോക്കിന് വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. പണപ്പെരുപ്പത്തിന്റെ ബുദ്ധിമുട്ട് തരണം ചെയ്യാൻ ശമ്പള വർധനവ് വേണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളും യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്നു.
തൊഴിലാളികളുടെ ശമ്പളം കുറയുന്നത് നിലവിലെ സാഹചര്യത്തിൽ ഒരിക്കലും സഹിക്കാൻ കഴിയുന്നതല്ലെന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ സംസാരിച്ച യുണൈറ്റ് ട്രേഡ് യൂണിയന്റെ ഐറിഷ് സെക്രട്ടറി സൂസൻ ഫിറ്റ്സ്ജെറാൾഡ് പറഞ്ഞു. തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി ചെറുക്കുമെന്നും സൂസൻ കൂട്ടിച്ചേർത്തു.
തൊഴിലാളികളാണ് രാജ്യം കെട്ടിപ്പടുത്തതും ഭരിക്കുന്നതും എന്ന്
ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസിന്റെ ജനറൽ സെക്രട്ടറി ഓവൻ റീഡി പ്രതികരിച്ചു. പക്ഷേ തൊഴിലാളികളെ വിലകുറച്ച് കാണുകയാണെന്നും ഓവൻ കൂട്ടിച്ചേർത്തു.

