ന്യൂഡൽഹി : ഡൽഹി സ്ഫോടനക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ. വരുന്ന ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ വൻ ആക്രമണം ആസൂത്രണം ചെയ്തിരുനുവെന്നാണ് മുസമ്മിലിന്റെ വെളിപ്പെടുത്തൽ. ഈ ദീപാവലിക്ക് തിരക്കേറിയ ഒരു സ്ഥലത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും അത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും മുസമ്മിൽ പോലീസിനോട് പറഞ്ഞു.
ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ, ഉന്നത വിദ്യാഭ്യാസമുള്ള ഒരു കൂട്ടം മെഡിക്കൽ പ്രൊഫഷണലുകളുടെ പങ്കാളിത്തം കണ്ടെത്തിയിട്ടുണ്ട്. അവരിൽ പലരും ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്നവരായിരുന്നു. മുസമ്മിലിനെ ചോദ്യം ചെയ്തതായും ഫോണിലെ ഡാറ്റാ ഡമ്പിൽ നിന്ന് നിർണ്ണായക വിവരങ്ങൾ വീണ്ടെടുത്തതായും പൊലീസ് പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നാലെയാണ് ഡോക്ടർ മുസമ്മിലിനെതിരെ അന്വേഷണം ആരംഭിച്ചത് . ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ മുസമ്മിലിന്റെ സഹായിയും സഹപ്രവർത്തകനുമായ ഉമറാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന സ്ഫോടനത്തിൽ ചാവേറായതെന്നാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നത്.

