ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്ഫോടനത്തിൽ എല്ലാതരത്തിലുള്ള ഭീകരബന്ധങ്ങളെ പറ്റിയും അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ . ഫരീദാബാദിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഡൽഹിയിൽ സ്ഫോടനമുണ്ടായത്.
മൂന്നാഴ്ച മുമ്പ്, ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ശ്രീനഗറിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടതും പൊലീസ് അന്വേഷിക്കുന്നുണ്ട് . ഇതിനു പിന്നാലെ കശ്മീരി ഡോക്ടർമാരായ അദീൽ അഹമ്മദ് റാത്തർ, മുസമ്മിൽ ഷക്കീൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കൂട്ടാളിയാണ് ചാവേറായ ഉമർ എന്നാണ് സൂചന.
സുരക്ഷാ ഏജൻസികളുടെ കണക്കനുസരിച്ച്, ഫരീദാബാദിലെ രണ്ട് മുറികളിൽ നിന്ന് കണ്ടെടുത്ത 2,900 കിലോഗ്രാം ബോംബ് നിർമ്മാണ വസ്തു അമോണിയം നൈട്രേറ്റ് ആണെന്ന് സംശയിക്കുന്നു. ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്ഫോടനത്തിൽ ഇതേ രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.സ്ഫോടനത്തിന് ശേഷം, HR26CE7674 എന്ന രജിസ്ട്രേഷൻ നമ്പറുള്ള i20 കാറിന്റെ ഉടമസ്ഥാവകാശ രേഖകൾ പോലീസ് കണ്ടെത്തി. കാർ സൽമാൻ എന്നയാളുടെ പേരിലാണെന്ന് കണ്ടെത്തി. പോലീസ് സൽമാനെ ചോദ്യം ചെയ്തപ്പോൾ, ഈ മാർച്ചിൽ ദേവേന്ദർ എന്നയാൾക്ക് കാർ വിറ്റതായാണ് സൽമാൻ പറഞ്ഞത് . പിന്നീട്, അത് കൈമാറിയാണ് കാർ ഡോ. ഉമർ മുഹമ്മദിന്റെ കയ്യിൽ എത്തിയത്.
കാർ ഡ്രൈവറുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ പോലീസ് ഇപ്പോൾ ഡിഎൻഎ പരിശോധനയ്ക്ക് പദ്ധതിയിടുന്നുണ്ട് . ഭീകരവാദ കേസുകളിൽ ഉപയോഗിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കേസ് അന്വേഷണം ഏറ്റെടുത്തേക്കാമെന്നും സൂചനയുണ്ട്.അതേസമയം ചാവേര്‍ സ്ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
സഹായികളുടെ അറസ്റ്റും ബോംബ് നിർമ്മാണ സാമഗ്രികൾ വൻതോതിൽ പിടിച്ചെടുത്തതും കണ്ട് പരിഭ്രാന്തരായ ഉമർ ചാവേർ ആക്രമണം നടത്താൻ തീരുമാനിച്ചിരിക്കാനുള്ള സാധ്യതയെ പറ്റിയും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.

