മോദിയുടെയും, പിയൂഷ് ഗോയലിന്റെയും പേരിൽ സമരക്കാരെ ഭീഷണിപ്പെടുത്തുന്ന ഡീപ്പ് ഫേയ്ക്ക് വീഡിയോ : പിന്നിൽ പാകിസ്ഥാൻ സംഘംന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവരെ ഉൾപ്പെടുത്തി എ ഐ ഉപയോഗിച്ചുള്ള വ്യാജ വീഡിയോകൾ പ്രചരിക്കുന്നതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ . സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഡീപ്ഫേക്ക് വീഡിയോയ്ക്കെതിരെ മന്ത്രി പീയൂഷ് ഗോയൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .
നീറ്റ് പരീക്ഷാവിഷയത്തിൽ പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തും വിധമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് . എന്നാൽ ഒരു നേതാക്കളും അത്തരം പ്രസ്താവനകൾ നടത്തിയിട്ടില്ലെന്നും സാങ്കേതികവിദ്യ ദുരുപയോഗത്തിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി നരേന്ദ്ര മോദിയുടെയും പിയൂഷ് ഗോയലിന്റെയും ദൃശ്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകളിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വസ്തുതാ പരിശോധന നടത്തി.
വ്യാജ വീഡിയോകളിലെ ഓഡിയോയിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട് . പാകിസ്ഥാൻ ആസ്ഥാനമായ സംഘമാണ് ഈ വീഡിയോകൾ പ്രചരിപ്പിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി നടത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ മാറ്റം വരുത്തിയാണ് പ്രചരിപ്പിച്ചിരിക്കുന്നത് . പാർലമെന്റിന് പുറത്ത് പീയൂഷ് ഗോയൽ നടത്തിയ പ്രസ്താവന പ്രതിഷേധക്കാർക്ക് ഭീഷണി ഉയർത്തുന്നതായി തോന്നിപ്പിക്കുന്നതിനായി ഡിജിറ്റലായി മാറ്റം വരുത്തി.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വ്യാജ വീഡിയോ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉത്തരവാദികളായവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

