ഗുവാഹത്തി : ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് മുന്നിൽ തല കുനിച്ച് കീഴടങ്ങുന്നതിനേക്കാൾ മരണമാണ് നല്ലതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സോണിത്പൂരിൽ നടന്ന ശ്രീമന്ത ശങ്കർദേവ് സംഘിന്റെ 95-ാമത് വാർഷിക സമ്മേളനത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹിമന്ത ബിശ്വ ശർമ്മ.
‘ അസമീസ് സമൂഹം ദുഷ്കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ബംഗ്ലാദേശികൾ നമ്മുടെ സ്വന്തം ജനങ്ങളിൽ നിന്ന് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാനത്തെ 30 ലക്ഷം ബിഗാ ഭൂമി വിവിധ മാർഗങ്ങളിലൂടെ അവർ കൈയടക്കി. അസമിലെ 12 ജില്ലകളിലായി അസാമീസ് ജനത ന്യൂനപക്ഷങ്ങളായി ചുരുങ്ങി.അസമിൽ ഇപ്പോൾ അസമീസ് ജനത ഇപ്പോൾ ന്യൂനപക്ഷമാണ്.
അസമീസ് സമൂഹത്തിന്റെ ഈ ദുഷ്കരമായ സമയത്ത്, കോൺഗ്രസിനെ പോലെ ഒരു വിഭാഗം ആളുകൾ ബംഗ്ലാദേശി മിയയ്ക്ക് മുന്നിൽ കീഴടങ്ങിയിട്ടുണ്ട് . ഇപ്പോൾ ‘നോതുൻ ബോർ അസോം’ (പുതിയ ഗ്രേറ്റർ അസം) എന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ബംഗ്ലാദേശി മിയയ്ക്ക് മുന്നിൽ നമ്മൾ കീഴടങ്ങണമെന്ന് അസമീസ് ജനതയെ വിശ്വസിപ്പിക്കാൻ അവർ ശ്രമിക്കുന്നു.
എന്നാൽ നമ്മുടെ സർക്കാർ ആ മിയ നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് 1.5 ലക്ഷം ബിഗാ ഭൂമി മോചിപ്പിച്ചു. 92 ശതമാനം സർക്കാർ ജോലികളും നമ്മുടെ സ്വന്തം ആളുകൾക്ക് സംവരണം ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സർക്കാരിനുള്ളിൽ ഒരു അസാമീസ് ആവാസവ്യവസ്ഥ വിജയകരമായി സൃഷ്ടിച്ചു. ഒരു അസാമീസ് എന്ന നിലയിൽ ഞാൻ ഈ ആളുകൾക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറല്ല. വരും ദിവസങ്ങളിൽ അസാമീസ് ജനത പുതിയ ഊർജ്ജത്തോടെ എഴുന്നേറ്റ് ഈ ശക്തികൾക്കെതിരെ പോരാടുമെന്നും ‘ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഫെബ്രുവരി 7 ന്, കർബി ആംഗ്ലോങ് ജില്ലയിൽ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാരെ നാടുകടത്താൻ അസം സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ഇവരോട് ഇന്ത്യ വിടണമെന്നും നിർദേശിച്ചിട്ടുണ്ട്.

