ന്യൂഡൽഹി : ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റ് ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ . രാവിലെ 10.10 ന് രാഷ്ട്രപതി ദ്രൗപതി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്ട്രപതിമാരായ ജഗ്ദീപ് ധൻഖർ, എം വെങ്കയ്യ നായിഡു, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, മറ്റ് നിരവധി പ്രമുഖർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
കോൺഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഗുജറാത്തിൽ പര്യടനത്തിലായതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. മുതിർന്ന ആർഎസ്എസ് പ്രവർത്തകനും , തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമായ സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 452 വോട്ടുകൾ നേടിയാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ എതിരാളിയായ പ്രതിപക്ഷ ഇന്ത്യ ബ്ലോക്ക് നോമിനിയും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ബി സുദർശൻ റെഡ്ഡി 300 വോട്ടുകൾ നേടി.
എൻഡിഎയിൽ 427 എംപിമാരുണ്ടായിരുന്നതിനാൽ രാധാകൃഷ്ണന്റെ വിജയം പ്രതീക്ഷിച്ചതായിരുന്നു. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ 11 എംപിമാരുടെയും നിരവധി ചെറിയ പാർട്ടികളുടെയും പിന്തുണ കൂടി ലഭിച്ചതോടെ എൻഡിഎയ്ക്ക് 377 എന്ന പകുതിയോളം പിന്തുണ ലഭിച്ചു. അദ്ദേഹത്തിന് അനുകൂലമായി ക്രോസ് വോട്ട് ലഭിച്ചതിന്റെ സൂചനകളും ഉണ്ടായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ 21 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പെട്ടെന്ന് രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
വിജയത്തെത്തുടർന്ന് വ്യാഴാഴ്ച മഹാരാഷ്ട്ര ഗവർണർ സ്ഥാനം സിപി രാധാകൃഷ്ണൻ രാജിവച്ചു. പുതിയ നിയമനം ഉണ്ടാകുന്നതുവരെ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രതിനെ മഹാരാഷ്ട്രയുടെ അധിക ചുമതല രാഷ്ട്രപതി ഏൽപ്പിച്ചു.

