ജയ്പൂർ: രാജസ്ഥാനിൽ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. രാജസ്ഥാൻ സർക്കാരിനു വേണ്ടി ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിച്ച ജനറിക് കഫ് സിറപ്പ് കഴിച്ചാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് കുട്ടികൾ മരിച്ചതെന്നും, 10 പേർ രോഗബാധിതരായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മരുന്ന് സുരക്ഷിതമാണെന്ന് തെളിയിക്കാൻ സിറപ്പ് ഒരു ഡോസ് കഴിച്ച ഡോക്ടറും ബോധരഹിതനായി . എട്ട് മണിക്കൂറിന് ശേഷം അദ്ദേഹത്തിന്റെ കാറിലാണ് അദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയത്.
ഡെക്സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് സംയുക്തം അടങ്ങിയതും കെയ്സൺ ഫാർമ എന്ന കമ്പനി നിർമ്മിക്കുന്നതുമായ കഫ് സിറപ്പിന്റെ ചില ബാച്ചുകളാണ് അപകടങ്ങൾക്കിടയാക്കിയത്. തിങ്കളാഴ്ചയാണ് അഞ്ച് വയസ്സുകാരൻ മരുന്ന് നൽകി മണിക്കൂറുകൾക്കകം മരിച്ചത് .
രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്നുള്ള 5 വയസ്സുള്ള നിതീഷിന് ചുമയും ജലദോഷവും ഉണ്ടായതിനെത്തുടർന്ന് മാതാപിതാക്കൾ ഞായറാഴ്ച ചിരാനയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് (സിഎച്ച്സി) കൊണ്ടുപോയി. ഹെൽത്ത് സെന്ററിൽ നിന്ന് നൽകിയ കഫ് സിറപ്പ് രാത്രി 11.30 ഓടെ കുട്ടിയ്ക്ക് നൽകി. വീണ്ടും മൂന്ന് മണിയ്ക്ക് ഉണർന്ന നിതീഷിന് അമ്മ വെള്ളവും നൽകി. വീണ്ടും ഉറങ്ങാൻ കിടന്ന നിതീഷിനെ പിന്നെ ജീവനറ്റ നിലയിലാണ് കണ്ടെത്തിയത് . കുട്ടിയ്ക്ക് ചുമ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മരുന്നാണ് മരണത്തിനിടയാക്കിയതെന്നും കുട്ടിയുടെ അമ്മാവൻ പ്രിയകാന്ത് ശർമ്മ പറഞ്ഞു. ഈ മാസം 22 നാണ് സാമ്രാട്ട് ജാതവ് എന്ന രണ്ട് വയസുകാരൻ മരുന്ന് കഴിച്ച് മണിക്കൂറുകൾക്കകം മരിച്ചത്.
കഴിഞ്ഞ ആഴ്ചയിൽ, തെക്കൻ രാജസ്ഥാനിലെ ബൻസ്വാര ജില്ലയിൽ ഒരു വയസ്സിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള എട്ട് കുട്ടികൾക്കും മരുന്ന് കഴിച്ചതിനെത്തുടർന്ന് അസുഖം ബാധിച്ചിരുന്നു.
സംഭവത്തെ തുടർന്ന് രാജസ്ഥാൻ സർക്കാർ 22 ബാച്ച് സിറപ്പ് നിരോധിക്കുകയും വിതരണം മരവിപ്പിക്കുകയും ചെയ്തു.എന്നാൽ ഈ വർഷം ജൂലൈ മുതൽ രാജസ്ഥാനിലെ രോഗികൾക്ക് 1.33 ലക്ഷം കുപ്പി സിറപ്പ് നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

