ചെന്നൈ ; ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ പുരട്ടിയതിനു പിന്നാലെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം . ചെന്നൈ വല്ലവൻ നഗറിലാണ് സംഭവം . ജലദോഷം മാറാൻ മാതാപിതാക്കൾ കർപ്പൂരം പൊടിച്ചതിൽ വിക്സ് ചേർത്ത് കുഞ്ഞിന്റെ നെറ്റിയിലും , മൂക്കിലും പുരട്ടുകയായിരുന്നു . അല്പസമയത്തിനുള്ളിൽ കുഞ്ഞിന് ശ്വാസതടസം ഉണ്ടായി. ഉടൻ എഗ്മോർ ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
ജലദോഷം മൂലമാണോ മിശ്രിതം മൂലമുണ്ടായ ശ്വാസതടസം മൂലമാണോ മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.ശിശുക്കൾക്ക് ഇത്തരത്തിൽ ഒറ്റമൂലികൾ നൽകരുതെന്ന് ഡോക്ടർമാരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും, ഇത്തരം വീട്ടുവൈദ്യങ്ങളുടെ ഉപയോഗം ഇപ്പോഴും സാധാരണമാണ് .

