ന്യൂഡൽഹി: ഇന്ധന വില വർദ്ധിക്കുമെന്ന ആശങ്കകൾക്കിടയിൽ, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ . പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ കുറവാണുണ്ടായത് . ഇതോടെ, പെട്രോളിന്റെ എക്സൈസ് തീരുവ 13 രൂപയിൽ നിന്ന് 3 രൂപയായി കുറഞ്ഞു. ഡീസലിന്റെ എക്സൈസ് തീരുവ പൂർണ്ണമായും ഒഴിവാക്കി.ക്രൂഡോയിൽ വിലവർധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനുമാണ് നീക്കം.
നിലവിൽ ഒരു ലിറ്റർ പെട്രോളിന് 24 രൂപയും, ഡീസലിന് 30 രൂപയും എണ്ണക്കമ്പനികൾക്ക് നഷ്ടമുണ്ടാകുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. രണ്ട് ഓപ്ഷനുകളാണ് സർക്കാരിനു മുന്നിലുണ്ടായിരുന്നത് .അതിൽ ഒന്ന് ഇന്ധനവില വർധിപ്പിക്കുന്നതും, മറ്റൊന്ന് അധിക നികുതി വരുമാനം വേണ്ടെന്ന് വയ്ക്കുന്നതുമായിരുന്നു. അതിൽ രണ്ടാമത്തെ ഓപ്ഷനാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന്, മാർച്ച് 20 ന്, പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 2.09 രൂപയിൽ നിന്ന് 2.35 രൂപയായി വർദ്ധിപ്പിച്ചിരുന്നു. രാജ്യത്തുടനീളം ഏകദേശം 7,000 പെട്രോൾ പമ്പുകളുള്ള സ്വകാര്യ കമ്പനിയായ നയാര എനർജി, പെട്രോളിന്റെ വില ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും വർദ്ധിപ്പിച്ചു. പ്രാദേശിക നികുതികൾ ചേർക്കുമ്പോൾ, കേരളം ഉൾപ്പെടെ വില വീണ്ടും ഉയരും
വിപണിയുടെ 90 ശതമാനവും പൊതുമേഖലാ എണ്ണക്കമ്പനികളുടെ നിയന്ത്രണത്തിലായതിനാൽ, നയാരയുടെ വിലയിലെ വർദ്ധനവ് പൊതുജനങ്ങളെ ഉടനടി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. മിഡിൽ ഈസ്റ്റിലെ സംഘർഷം വർദ്ധിക്കുമ്പോഴും രാജ്യത്ത് ഇന്ധന ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 60 ലക്ഷത്തിനുള്ള എണ്ണ ശേഖരവും 30 ദിവസത്തേക്ക് എൽപിജി സിലിണ്ടറും സ്റ്റോക്കുണ്ടെന്ന് സർക്കാർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട് . ഇന്ന് വൈകുന്നേരം 6:30 ന് വീഡിയോ കോൺഫറൻസിലൂടെയാണ് ചർച്ച നടക്കുക. പെട്രോൾ, പാചകവാതകം, മറ്റ് ഊർജ്ജ ഉൽപ്പന്നങ്ങളുടെ പ്രതിസന്ധി ചർച്ച ചെയ്യുമെന്നാണ് വിവരം

