ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ എംഎൽഎയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുൻ ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കായംകുളം പോലീസാണ് ഇർഷാദിന്റെ അറസ്റ്റ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടത്. ഇർഷാദിനെതിരെ യു. പ്രതിഭയും മറ്റുള്ളവരും പരാതി നൽകിയതിനാലാണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീക്കെതിരെ അധിക്ഷേപകരമോ അവഹേളനപരമോ ആയ പരാമർശങ്ങൾ നടത്തരുതെന്ന സന്ദേശം സമൂഹത്തിന് നൽകാനാണ് പരാതി നൽകിയതെന്ന് യു പ്രതിഭ പറഞ്ഞു.
സൈബർ ആക്രമണങ്ങൾ വ്യാപകമായി തനിക്ക് നേരിടേണ്ടിവരുമെന്നും സൈബർ ഇടങ്ങളിൽ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്നും അവർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ തുടരുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യു. പ്രതിഭ മുന്നറിയിപ്പ് നൽകി.

