ഹൈദരാബാദ് : തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രമായ ഡാകു മഹാരാജിന്റെ റിലീസ് ആഘോഷത്തിന് ആടിനെ ബലി നൽകിയതിനെ തുടർന്ന് ആരാധകർക്കെതിരെ കേസ്. മൃഗസംരക്ഷണ സംഘടനയായ പെറ്റ (പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുപ്പതി പോലീസ് ആണ് കേസെടുത്തത്.
ആഘോഷത്തിന്റെ ഭാഗമായി ആടിനെ കഴുത്തറുത്ത് കൊല്ലുന്നതും ആടിന്റെ രക്തം നടൻ ബാലയ്യയുടെ പോസ്റ്ററിൽ പുരട്ടുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് പെറ്റ നടപടിക്കൊരുങ്ങിയത്.
പെറ്റയുടെ വെബ്സൈറ്റിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ 5 പേർക്കെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 325, 270 പ്രകാരമാണ് കേസെടുത്തത്. കൂടാതെ, ആന്ധ്രപ്രദേശ് ആനിമൽ ആൻഡ് ബേഡ്സ് സാക്രിഫൈസ്
പ്രോഹിബിഷൻ ആക്ട് 1950 ലെ 5,6 വകുപ്പുകൾ പ്രകാരവും, മൃഗങ്ങളോടുള്ള ക്രൂരത തടയൽ
നിയമത്തിലെ 311 (1) എ , 11 (1) എൽ എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തതെന്ന് പെറ്റ അറിയിച്ചു.
ഒരു മൃഗത്തെ കൊന്ന് അതിന്റെ രക്തം പോസ്റ്ററിൽ തേക്കുന്നത് നിങ്ങളെ ഒരു സൂപ്പർസ്റ്റാർ ആരാധകനാക്കില്ല, മറിച്ച് ഒരു കുറ്റവാളിയും വില്ലനും ആയിരിക്കും ആക്കുക. ഒരു ആരാധകൻ തന്റെ സൂപ്പർസ്റ്റാറിനെ ആരാധിക്കുന്നത് അയാളുടെ സിനിമയുടെ ടിക്കറ്റും പോസ്റ്ററുകളും സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടായിരിക്കണം. അല്ലാതെ ക്രൂരതയും അക്രമവും കൊണ്ടായിരിക്കരുതെന്ന് പെറ്റ ഇന്ത്യയുടെ കോഡിനേറ്റർ സലോനി സക്റിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
കുറച്ച് നാൾ മുന്നേ ഡാകു മഹാരാജിലെ ‘ദിബിഡി ദിബിഡി’ എന്ന ഗാനം പുറത്ത് വിട്ടിരുന്നു.
ഇതിലെ നൃത്ത രംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സ്ത്രീകളെ അപമാനിക്കുന്നതും, ഗാനത്തിന് തികച്ചും യോജിക്കാത്തതുമായ ബാലയ്യയുടെ നൃത്തത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നിരുന്നത്.