ന്യൂഡൽഹി : ‘ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ ‘ പദ്ധതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി . വിവിധ ഗവേഷണ ലേഖനങ്ങളും ജേണലുകളും ഒരുകുടക്കീഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത് .
ലളിതവും ഉപയോക്തൃ സൗഹൃദവുമായ ഡിജിറ്റൽ പ്രക്രിയയിലൂടെയാണ് പദ്ധതി നടപ്പാക്കുക ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷനായി 6,000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ ഗവേഷണ വികസന സ്ഥാപനങ്ങൾക്കും പദ്ധതി ഗുണകരമാകും.
സ്വയംഭരണാധികാരമുള്ള അന്തർ സർവകലാശാലാ കേന്ദ്രമായ ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ് വർക്ക് എന്ന കേന്ദ്ര ഏജൻസി ഏകോപിപ്പിക്കുന്ന ദേശീയ സബ്സ്ക്രിപ്ഷനിലൂടെയാണ് ജേണലുകളിലേക്കുള്ള പ്രവേശനം നൽകുക. 30 പ്രമുഖ അന്താരാഷ്ട്ര ജേണൽ പ്രസാധകരിൽ നിന്നായി 13,000 ഇ-ജേണലുകൾ ഇനി മുതൽ 6,300-ലധികം ഗവൺമെന്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റ് ഗവേഷണ-വികസന സ്ഥാപനങ്ങൾക്കും ലഭ്യമാകും.