ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ അംഗത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ . ഇതുമായി ബന്ധപ്പെട്ട് നോട്ടീസും . ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിന്റെയും, കേന്ദ്ര ബജറ്റിന്റെയും പേരിൽ സർക്കാരിനെതിരെ രാഹുൽ ഗാന്ധി നടത്തിയ രൂക്ഷ വിമർശനങ്ങൾക്കിടെയാണ് പുതിയ നീക്കം.
രാഹുൽ ഗാന്ധി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ലോക്സഭയിൽ നിഷികാന്ത് ദുബെ നോട്ടീസ് നൽകിയത് . വിഷയം ചർച്ച ചെയ്യണമെന്നും രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അവസാനിപ്പിക്കണമെന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കണമെന്നും ആവശ്യപ്പെടുന്നതാണ് തന്റെ നോട്ടീസെന്ന് ദുബെ പറഞ്ഞു.
രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഒരു സ്വതന്ത്ര പ്രമേയമാണിതെന്നും അദ്ദേഹം പറഞ്ഞു. ജോർജ്ജ് സോറോസിനെപ്പോലുള്ള ബാഹ്യശക്തികളുടെ പിന്തുണയോടെ രാഹുൽ ഗാന്ധി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിഷികാന്ത് ദുബെ പറഞ്ഞു .
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ രാജ്യത്തിന്റെ താൽപ്പര്യങ്ങളിൽ സർക്കാർ വിട്ടുവീഴ്ച ചെയ്തുവെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ ചർച്ചയ്ക്ക് തുടക്കമിട്ടത് . ഇൻഡി മുന്നണിയായിരുന്നെങ്കിൽ ട്രമ്പുമായി ചർച്ച നടത്തിൽ ഇതിലും മികച്ച കരാർ കൊണ്ടുവരുമായിരുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ നിരവധി ബിജെപി നേതാക്കൾ വിമർശിച്ചു. പക്വതയില്ലാത്ത രീതിയിലാണ് രാഹുൽ സംസാരിക്കുന്നതെന്നും വിമർശനമുണ്ടായി . രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും ബിജെപി പറഞ്ഞു.

