മുംബൈ: മഹാരാഷ്ട്രയിലെ 29 നഗരസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം . പ്രധാന കോർപ്പറേഷനുകളിലെല്ലാം ബിജെപി അധികാരം ഉറപ്പിച്ചു . 29-ൽ 25 കോർപ്പറേഷനുകളിലും ബിജെപി അധികാരം നേടിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.
മുംബൈയിൽ താക്കറെ ശിവസേനയുടെ 28 വർഷത്തെ ആധിപത്യം അവസാനിപ്പിച്ചെങ്കിലും ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. 227 വാർഡിൽ 87 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. സഖ്യകക്ഷിയായ ഷിൻഡേ വിഭാഗം ശിവസേനയ്ക്ക് 27 സീറ്റുകളും ലഭിച്ചിട്ടുണ്ട്.
രണ്ട് പാർട്ടികളും കൂടി 114 സീറ്റുകളിലാണ് ലീഡ് നേടിയിട്ടുള്ളത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് മൂന്ന് സീറ്റുകളും മറ്റുള്ളവർക്ക് ഒമ്പത് സീറ്റുകളുമുണ്ട്. ഭരണംപിടിക്കാൻ ഇവരുടെ പിന്തുണ ബിജെപിക്ക് വേണ്ടി വരും. മറുഭാഗത്ത് പ്രധാന എതിരാളികളായ ഉദ്ധവ് വിഭാഗം ശിവസേന 67 സീറ്റുകൾ നേടിയിട്ടുണ്ട്. രാജ്താക്കറെയുടെ നവ നിർമാൺ സേന 10 ഉം കോൺഗ്രസ് 23 ഉം സീറ്റുകൾ കരസ്ഥമാക്കി. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ഒരു സീറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
നാഗ്പുരിൽ ബിജെപി അവരുടെ പരമ്പരാഗത ശക്തി നിലനിർത്തി. 152-ൽ 102 സീറ്റുകളും ബിജെപി സ്വന്തമാക്കി. ഇവിടെ കോൺഗ്രസ് 33 സീറ്റുകളാണ് പിടിച്ചത്. ലാത്തൂരിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. ലാത്തൂരിലെ 70 വാർഡുകളിൽ 43 എണ്ണം കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ 22 സീറ്റുകളിലാണ് ബിജെപിക്ക് വിജയം.
കൊൽഹാപുരിൽ 34 സീറ്റുകളോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 81 വാർഡുകളുള്ള കോർപ്പറേഷനിൽ പക്ഷേ മഹായുതി പാർട്ടികൾ എല്ലാവരും ചേർന്ന് 45 സീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

